{"vars":{"id": "89527:4990"}}

പുഴയില്ലാത്ത സഊദിയില്‍ കടല്‍ജലം ശൂദ്ധീകരിച്ച് ദിനേന ശേഖരിക്കുന്നത് നാല് തേംസ് നദിയുടെ വെള്ളം

 
റിയാദ്: പ്രകൃതിദത്തമായി ഒരു പുഴപോലും ഒഴുകാത്ത സഊദിയില്‍ കടല്‍ജലം ശുദ്ധീകരിച്ച് ദിനേന ശേഖരിക്കുന്നത് നാല് തേംസ് നദികളുടേതിന് സമാനമായത്ര ശുദ്ധജലം. ഇതിനായി രാജ്യത്തുടനീളം കടല്‍വെള്ളത്തിലെ ഉപ്പ് ഒഴിവാക്കാനുള്ള അനേകം പ്ലാന്റുകളും ശുദ്ധജലം കൊണ്ടുപോകാനുള്ള ആയിരക്കണക്കിന് പൈപ്പ് ലൈനുകളുമാണ് സ്ഥാപിച്ചിട്ടുള്ളത്. സഊദി കൃത്രിമായ പുഴതന്നെ ഈ ലക്ഷ്യത്തിനായി യാഥാര്‍ഥ്യമാക്കിയിട്ടുണ്ടെന്നതാണ് കൗതുകകരമായ കാര്യം. 3.6 കോടി ജനങ്ങളാണ് സഊദിയിലുള്ളത്. ഇതോടൊപ്പം വര്‍ഷത്തില്‍ സന്ദര്‍ശകരായി എത്തുന്ന ലക്ഷങ്ങള്‍ക്കും ആവശ്യമായ വെള്ളമാണ് മഴ വല്ലപ്പോഴും മാത്രം ലഭിക്കുന്ന സഊദിയില്‍ കടലില്‍നിന്നും ശുദ്ധീകരിച്ച് എടുക്കുന്നത്. ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ കടല്‍ജലം ശൂദ്ധീകരിച്ച് എടുക്കുന്ന ലോകത്തിലെ തന്നെ മുന്‍നിര രാജ്യങ്ങളില്‍ ഒന്നാണ് സഊദി. സഊദിയുടെ ശുദ്ധജല വിതരണ സംവിധാനം ലോകത്തില്‍ ഏറ്റവും വലുതാണെന്ന് സഊദി വാട്ടര്‍ അതോറിറ്റി പ്രസിഡന്റ് അബ്ദുല്ല അല്‍ അബ്ദുല്‍കരീം വ്യക്തമാക്കി. ലോകത്തില്‍ ഒരു പുഴയും കടലില്‍നിന്നും ഉത്ഭവിച്ച് പര്‍വതങ്ങളിലേക്ക് ഒഴുകുന്നില്ല. പക്ഷേ സഊദിയില്‍ അതുണ്ട്. അതാണ് ഞങ്ങളുടെ ശുദ്ധജല വിതരണ സംവിധാനം. 2,800 മീറ്റര്‍ ഉയരമുള്ളിടത്തേക്കുവരെ ഞങ്ങളുടെ ശുദ്ധജലം കടലില്‍നിന്നും ഒഴുകിയെത്തുന്നുണ്ട്. രാജ്യം മുഴുവന്‍ ഭീമന്‍ പൈപ്പ് ലൈനുകളാണ് ഈ ആവശ്യത്തിനായി സ്ഥാപിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജല വിതരണ സംവിധാനത്തിനുള്ള ഗിന്നസ് റെക്കാര്‍ഡ് നേടിയ പദ്ധതിയാണിത്. 14,000 കിലോമീറ്ററില്‍ അധികം നീളമുള്ളതാണ് ഞങ്ങളുടെ ജല വിതരണ പൈപ്പ് ലൈനുകളെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.