{"vars":{"id": "89527:4990"}}

കുവൈറ്റിനും ബഹ്റൈനും നേരെ ഇറാൻ്റെ മിസൈൽ വർഷം

 

വാഷിംഗ്ടൺ/ടെഹ്റാൻ: പശ്ചിമേഷ്യൻ മേഖലയെ ആശങ്കയിലാഴ്ത്തി യുഎസും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ അതിരൂക്ഷമാകുന്നു. ഗൾഫ് മേഖലയിലുടനീളം ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ തങ്ങൾ വിജയകരമായി പ്രതിരോധിച്ചതായി അമേരിക്കൻ സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. ഇതിന് തിരിച്ചടിയായി ഇറാന്റെ അധീനതയിലുള്ള തന്ത്രപ്രധാനമായ ഖേഷ്മ് (Qeshm) ദ്വീപിലെ സൈനിക കൺട്രോൾ സ്റ്റേഷന് നേരെ യുഎസ് ശക്തമായ വ്യോമാക്രമണം നടത്തി.

​ഇറാൻ തങ്ങളുടെ അയൽരാജ്യങ്ങളായ കുവൈറ്റിനും ബഹ്റൈനും നേരെ ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായി യുഎസ് സൈന്യം വ്യക്തമാക്കി. കുവൈറ്റിന് നേരെ തൊടുത്ത രണ്ട് മിസൈലുകൾ ലക്ഷ്യസ്ഥാനത്ത് എത്തും മുൻപ് തകർന്നുവീഴുകയോ അന്തരീക്ഷത്തിൽ വെച്ച് തകരുകയോ ചെയ്തു. ബഹ്റൈൻ ലക്ഷ്യമാക്കി വന്ന മൂന്ന് മിസൈലുകൾ യുഎസിന്റെയും ബഹ്റൈന്റെയും വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉടനടി വെടിവെച്ചിട്ടു. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഡ്രോൺ ആക്രമണം ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്.

കുവെറ്റ് വിമാനതാവളിതിനനോരെ നടന്ന ഡ്രോൺ ആക്രമണത്തിൽ ടെർമിനൽ 1 ഭാഗികമായി തകർന്നു. നിരവധി പേർക്ക് പരുക്കേറ്റതായി റിപോർട്ടുകളുണ്ട്.  വിമാനതാവളം പുർണമായും അടച്ചു.

​അതേസമയം, യുഎസ് അഞ്ചാം കപ്പൽപ്പടയുടെ (Fifth Fleet) ബഹ്റൈനിലെ ആസ്ഥാനവും മറ്റ് യുഎസ് സൈനിക താവളങ്ങളും തങ്ങൾ തകർത്തുവെന്ന ഇറാന്റെ റെവല്യൂഷണറി ഗാർഡ്സിന്റെ (IRGC) അവകാശവാദം അമേരിക്ക പൂർണ്ണമായി തള്ളി. ആക്രമണങ്ങളിൽ യുഎസ് ഉദ്യോഗസ്ഥർക്കൊന്നും പരിക്കേറ്റിട്ടില്ലെന്ന് സെൻട്രൽ കമാൻഡ് അറിയിച്ചു. ഹോർമുസ് കടലിടുക്കിലെ ഉപരോധവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് നിലവിലെ പെട്ടെന്നുള്ള സൈനിക നീക്കങ്ങൾക്ക് കാരണമായത്. ഇരുവിഭാഗവും ആക്രമണം കടുപ്പിച്ചതോടെ മേഖലയിൽ യുദ്ധഭീതി ശക്തമായിരിക്കുകയാണ്.