കെ എസ് ചിത്രയുടെ ‘അനുഭവം ഓർമ യാത്ര’ പ്രകാശനം ചെയ്തു

റിപ്പോർട്ട്: മുഹമ്മദ് ഖാദർ നവാസ് കെ എസ് ചിത്രയുടെ ‘അനുഭവം ഓർമ യാത്ര’ എന്ന കൃതിയുടെ പ്രകാശനം ഷാർജ എക്സ്പോയിൽ ബാൾ റൂമിലെ നിറഞ്ഞ സദസ്സിൽ കഥകളുടെ
 

റിപ്പോർട്ട്: മുഹമ്മദ് ഖാദർ നവാസ്‌

കെ എസ് ചിത്രയുടെ ‘അനുഭവം ഓർമ യാത്ര’ എന്ന കൃതിയുടെ പ്രകാശനം ഷാർജ എക്‌സ്‌പോയിൽ ബാൾ റൂമിലെ നിറഞ്ഞ സദസ്സിൽ കഥകളുടെ കുലപതി ടി. പത്മനാഭൻ നിർവഹിച്ചു. ഒരു മഹാനായ വ്യക്തി മഹാനായ കലാകാരൻ ആകണമെന്നില്ല എന്ന മൊസാർട്ട് പറഞ്ഞ വാക്കുകൾ ഓർമപ്പെടുത്തികൊണ്ട് ചിത്രയുടെ പാട്ടുകളിലെ യീണംപോലെ അവരുടെ ജീവിതം എളിമയും മഹത്വവും നിറഞ്ഞതാണെന്ന് ടി. പത്മനാഭൻ പറഞ്ഞു.

മലയാളികൾ സ്‌നേഹത്തോടെ കേട്ടുകൊണ്ടിരിക്കുന്ന മധുര ശബ്ദമാണ് ചിത്രയുടേതെന്നു എം. കെ. മുനീർ പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് പറഞ്ഞു. ജലീഷ്‌കുമാർ പുസ്തകം പരിചയപ്പെടുത്തി. ടോണി ചിറ്റാട്ടുകുളവും സംസാരിച്ചു. മേളയിൽ പങ്കെടുക്കുന്നത് ആദ്യമാണെന്നും തന്റെ പുസ്തകം ടി. പത്മനാഭനെപ്പോലുള്ള പ്രതിഭ പ്രകാശനം ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും ചിത്ര പറഞ്ഞു.

കോട്ടൺ ഹിൽ സ്‌കൂളിലെ പഠനകാലമാണ് ഗായികയെന്ന നിലയിലെ പ്രയാണത്തിന് സഹായമായതെന്നവർ ഓർത്തു. അനേകം ഗാനങ്ങളും ചിത്ര ആലപിച്ചു. കണ്ണാം തുമ്പി പോരാമോ… എന്നോടിഷ്ടം കൂടാമോ… എന്ന ഗാനം ചിത്രക്കൊപ്പം സദസ്‌കൂടി ഏറ്റുപാടിയപ്പോൾ അത് മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത അനുഭവമായിമാറി.