{"vars":{"id": "89527:4990"}}

ഹോർമുസ് കടലിടുക്കിൽ താൽക്കാലിക സമുദ്ര ഇടനാഴി പ്രഖ്യാപിച്ച് ഒമാൻ; വാണിജ്യ കപ്പലുകൾക്ക് സൗജന്യമായി കടന്നുപോകാം

 

മസ്കറ്റ്: ആഗോള ചരക്കുനീക്കത്തിൽ ഏറ്റവും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ കപ്പൽ ഗതാഗതം ഉറപ്പാക്കാൻ ഒമാൻ താൽക്കാലിക സമുദ്ര ഇടനാഴി (Temporary Maritime Corridor) പ്രഖ്യാപിച്ചു. അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷനുമായി (IMO) സഹകരിച്ചാണ് ഒമാൻ പുതിയ താൽക്കാലിക പാതകൾ നിശ്ചയിച്ചിരിക്കുന്നത്.

​മേഖലയിലെ വർദ്ധിച്ചുവരുന്ന സുരക്ഷാ വെല്ലുവിളികളും നിലവിലുള്ള ട്രാഫിക് സെപ്പറേഷൻ സ്കീമിലെ (Traffic Separation Scheme) അപ്രായോഗികതയും കണക്കിലെടുത്താണ് കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ പുതിയ പാതയൊരുക്കിയതെന്ന് ഒമാൻ ഔദ്യോഗിക വാർത്താ ഏജൻസി വ്യക്തമാക്കി. എല്ലാത്തരം വാണിജ്യ കപ്പലുകൾക്കും ഈ താൽക്കാലിക പാത ഉപയോഗിക്കാവുന്നതാണ്. നിലവിലുള്ള കപ്പൽച്ചാലിന് വടക്കും തെക്കുമായാണ് ഈ രണ്ട് പുതിയ പാതകൾ ക്രമീകരിച്ചിരിക്കുന്നത്.

​അന്താരാഷ്ട്ര നിയമങ്ങളും സമുദ്രനിയമങ്ങളും അനുസരിച്ച് ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കാൻ ഒമാന് വലിയ ഉത്തരവാദിത്തമുണ്ടെന്ന് അധികൃതർ അറിയിച്ചു. പുതിയ താൽക്കാലിക പാതയിലൂടെയുള്ള യാത്രയ്ക്ക് കപ്പലുകളിൽ നിന്ന് യാതൊരുവിധ ട്രാൻസിറ്റ് ഫീസും (Transit Tolls) ഈടാക്കില്ലെന്ന് ഒമാൻ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകളുടെയും ഇതിനോടകം രൂപീകരിച്ച പുതിയ കരാറുകളുടെയും അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

​പുതിയ പാത ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന കപ്പലുകൾ ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷനുമായും (IMO) ഒമാൻ കോസ്റ്റൽ അതോറിറ്റിയുമായും ബന്ധപ്പെട്ട് കൃത്യമായ നിർദ്ദേശങ്ങൾ കൈപ്പറ്റേണ്ടതുണ്ട്. കപ്പലുകൾ തമ്മിൽ കൂട്ടിയിടിക്കുന്നത് ഒഴിവാക്കാൻ ഘട്ടം ഘട്ടമായുള്ള നിയന്ത്രിത ഗതാഗത സംവിധാനമാണ് ഒമാൻ ഒരുകൂട്ടിയിരിക്കുന്നത്. സുരക്ഷിത യാത്രയ്ക്കായി കപ്പലുകൾ തങ്ങളുടെ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം (AIS) എപ്പോഴും സജീവമാക്കി വെക്കണമെന്നും ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ കപ്പൽ ഉടമകൾക്ക് നിർദ്ദേശം നൽകി. ആഗോള എണ്ണ-വാതക വിപണിയെയും വാണിജ്യ മേഖലയെയും ഉലച്ച ഹോർമുസ് പ്രതിസന്ധിക്ക് പുതിയ താൽക്കാലിക പാത വലിയൊരു ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.