കോവിഡ് രൂക്ഷമാകുന്നു; ഒമാനിൽ രാത്രികാല ലോക്ഡൗൺ പ്രാബല്യത്തിൽ

മസ്കത്ത്: കോവിഡ് രോഗികളുടെ എണ്ണം വ്യാപകമായതോടെ ഒമാൻ വീണ്ടും അടച്ചുപൂട്ടലിലേക്ക്. നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രാത്രികാല ലോക്ഡൗൺ ഒമാനിൽ വീണ്ടും നിലവിൽ വന്നു. രാത്രി എട്ടു മണി
 

മസ്‌കത്ത്: കോവിഡ് രോഗികളുടെ എണ്ണം വ്യാപകമായതോടെ ഒമാൻ വീണ്ടും അടച്ചുപൂട്ടലിലേക്ക്. നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രാത്രികാല ലോക്ഡൗൺ ഒമാനിൽ വീണ്ടും നിലവിൽ വന്നു. രാത്രി എട്ടു മണി മുതൽ പുലർച്ചെ നാല് മണി വരെയായിരിക്കും ലോക് ഡൗൺ.

ഈ സമയത്ത് വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കരുതെന്ന് കോവിഡ് വ്യാപനം നിയന്ത്രിക്കു ന്നതിനായി രൂപീകരിച്ച ഒമാൻ സുപ്രീം കമ്മിറ്റി അറിയിച്ചു. ലോക് ഡൗൺ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. എന്നാൽ അവശ്യ സേവനങ്ങളും അവശ്യ സാധനങ്ങളുടെ കടകളും തുറക്കാം. ഹോം ഡെലിവറിയും ലോക്ഡൗണിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൊതുജനങ്ങൾ ഒത്തുചേരുന്ന എല്ലാ പ്രവർത്തനങ്ങളും നിരോധിച്ചു. പെട്രോൾ സ്റ്റേഷനുകൾ, ആശുപത്രികൾ, ഫാർമസികൾ, വെള്ള വിതരണം, മത്സ്യത്തൊഴിലാളികൾ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ലോഡിംഗ് ജീവനക്കാർ, മാധ്യമ പ്രവർത്തകർ എന്നിവരെ ലോക്ഡൗണിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കോവിഡ് രൂക്ഷമായി തുടരുന്ന ഒമാനിൽ ഇന്നലെ 31 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 2,529 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
2,000ന് മുകളിൽ രോഗികൾ കഴിഞ്ഞ ഏതാനും ആഴ്ചകളിലായി തുടരുകയാണ്. 2,50,572 പേർക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 2,741 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതുവരെ 2,20,171 പേർ രോഗമുക്തി നേടി. 87.9 ശതമാനമാണ് രോഗമുക്തി നിരക്ക്. 188 കോവിഡ് രോഗികളെയാണ് ഇന്നലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. 1,448 പേർ ഇപ്പോൾ രോഗം ബാധിച്ച് ചികിത്സയിലാണ്. ഇവരിൽ 428 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. രോഗികളുടെ എണ്ണം കൂടിയതോടെ ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയിൽ വീർപ്പുമുട്ടുകയാണ് ഒമാൻ. വരുംദിവസങ്ങളിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാനാണ് സാധ്യത.