ഖത്തറില്‍ നാല് ദിവസത്തിനുള്ളില്‍ മടങ്ങിയെത്തിയ 53 പേര്‍ക്ക് കൊവിഡ്

ദോഹ: ഖത്തറില് കഴിഞ്ഞ നാലു ദിവസങ്ങളിലായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില് 53 പേര് രാജ്യത്തിന് പുറത്തു നിന്നും എത്തിയവരായിരുന്നുവെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. ഓഗസറ്റ് 25-ാം തീയ്യതി 13
 

ദോഹ: ഖത്തറില്‍ കഴിഞ്ഞ നാലു ദിവസങ്ങളിലായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 53 പേര്‍ രാജ്യത്തിന് പുറത്തു നിന്നും എത്തിയവരായിരുന്നുവെന്ന് പൊതുജനാരോഗ്യ മന്ത്രാലയം.

ഓഗസറ്റ് 25-ാം തീയ്യതി 13 പ്രവാസികള്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. 26-ാം തീയ്യതി-14, 27-ന് 16, 28 ന്-10 പേര്‍ എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകള്‍. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ ഒന്നുമുതല്‍ നാലാം ഘട്ട കൊവിഡ് നിയന്ത്രണ ഇളവുകള്‍ ഖത്തറില്‍ നടപ്പാക്കാനിരിക്കെ രാജ്യത്തേക്ക് മടങ്ങിയെത്തുന്ന വിദേശികളില്‍ കൊവിഡ് സ്ഥിരീകരിക്കുന്നത് ആശങ്കയ്ക്ക് വഴിയൊരുക്കുന്നുണ്ട്. ഇത് ദോഹയിലേക്കെത്തുന്ന യാത്രക്കാര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കാരണമായേക്കും.

നിലവില്‍ ഖത്തര്‍ എയര്‍വെയ്‌സ് മാത്രമാണ് ദോഹയിലേക്കുള്ള യാത്രയ്ക്ക് കൊവിഡ് രഹിത സര്‍ട്ടിഫിക്കറ്റ് യാത്രക്കാര്‍ക്ക് നിര്‍ബന്ധമാക്കിയിട്ടുള്ളത്. മറ്റ് സര്‍വീസ് നടത്തുന്ന വിമാന കമ്പനികള്‍ക്ക് ഇത് ബാധകമല്ല. അതേസമയം, ഖത്തറില്‍ ഇന്ന് 208 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2,983 ആയി. ഇന്ന് 220 പേര്‍ കൂടി വൈറസ് ബാധയില്‍ നിന്നും പൂര്‍ണമായി രോഗമുക്തി നേടി.

ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 115017 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നതില്‍ 427 പേര്‍ വിവിധ ആശുപത്രികളിലാണ്. 68 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇന്ന് ഒരാള്‍ കൂടി മരണപ്പെട്ടതോടെ ആകെ മരണം 196 ആയി.