{"vars":{"id": "89527:4990"}}

സഊദിയില്‍ അടുത്ത മൂന്നു ദിവസം കൂടി മഴയുണ്ടാവും

 
റിയാദ്: ഇന്ന് മുതല്‍ 12 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയുണ്ടാവുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ പരമാവധി 60 കിലോമീറ്റര്‍വരെ വേഗമുള്ള കാറ്റിനും സാധ്യതയുണ്ട്. രാജ്യത്തിന്റെ കടല്‍ത്തീരങ്ങളില്‍ വന്‍തിരമാലകളുണ്ടായേക്കാം. മഴക്കൊപ്പം ആലിപ്പഴ വര്‍ഷത്തിനും ഇടയുണ്ട്. അല്‍ ജൗഫ്, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍, ഹായില്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഇന്നും നാളെയും മഴയുണ്ടാവും. താബൂക്ക്, മദീന മേഖലകളില്‍ ഇന്ന് മഴ പെയ്യും. കിഴക്കന്‍ പ്രവിശ്യകളായ അസീര്‍, ജസാന്‍ എന്നിവിടങ്ങളില്‍ ശനി, ഞായര്‍ ദിവസങ്ങളിലും ഖാസിം പ്രവിശ്യയില്‍ നാളെയുമാണ് മഴ പെയ്യാന്‍ സാധ്യതയുള്ളത്. റിയാദ്, അല്‍ ബാഹ മേഖലകളില്‍ വെള്ളിമുതല്‍ ഞായര്‍വരെയുള്ള മൂന്നു ദിവസങ്ങളിലാണ് മഴ സാധ്യത കാണുന്നത്. അസ്ഥിരമായ കാലാവസ്ഥ അനുഭവപ്പെടാന്‍ ഇടയുളളതിനാല്‍ ജനങ്ങള്‍ കാലാവസ്ഥയുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകള്‍ ശ്രദ്ധിക്കണമെന്നും ഇതിനായുള്ള അന്‍വാ ആപ്ലിക്കേഷനോ, കാലാവസ്ഥാ കേന്ദ്രത്തിന്റെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമോ പിന്തുടരണമെന്നും കേന്ദ്രം അഭ്യര്‍ഥിച്ചു.