{"vars":{"id": "89527:4990"}}

മഴ: ഇന്‍ഷൂറന്‍സ് കമ്പനികള്‍ 2024ല്‍ ക്ലെയിമായി നല്‍കിയത് റെക്കാര്‍ഡ് തുക; ആകെ വിതരണം ചെയ്തത് 2.5 ബില്യണ്‍ ഡോളര്‍

 
ദുബൈ: കഴിഞ്ഞ വര്‍ഷം രാജ്യം സാക്ഷിയായ കനത്ത മഴയില്‍ പോളിസി ഉടമകള്‍ക്ക് ക്ലെയിമായി ഇന്‍ഷൂറന്‍സ് കമ്പനികള്‍ നല്‍കിയത് റെക്കാര്‍ഡ് തുക. 2024 ഏപ്രില്‍ 16ന് രാജ്യം സാക്ഷിയായ അതിശക്തമായ മഴയിലുണ്ടായ നാശനഷ്ടങ്ങള്‍ക്കായാണ് ഇന്‍ഷൂറന്‍സ് കമ്പനികള്‍ 2.5 ബില്യണ്‍ യുഎസ് ഡോളര്‍(9.175 ബില്യണ്‍ ദിര്‍ഹം) നഷ്ടപരിഹാരമായി നല്‍കിയിരിക്കുന്നത്. മഴ പെയ്തതിന് ശേഷമുള്ള മൂന്നു മാസങ്ങളിലായാണ് ഇത് സംബന്ധിച്ച് പോളിസി ഉടമകള്‍ നഷ്ടപരിഹാരത്തിനായി സമീപിച്ചത്. സമര്‍പ്പിച്ച ക്ലെയിമുകളില്‍ ബഹുഭൂരിപക്ഷവും കമ്പനികള്‍ അതിവേഗം അനുവദിക്കുകയും ചെയ്തു. എന്നാല്‍ ചിലര്‍ അവസരം മുതലെടുക്കാനായി ക്ലെയിമുമായി വന്ന സംഭവങ്ങളില്‍ തുക നല്‍കിയിട്ടില്ലെന്നും പോളിസിബസാര്‍ഡോട്ട്എഇഡോട്ട് ബിസിനസ് ഹെഡ് തോഷിത ജൗഹാന്‍ വെളിപ്പെടുത്തി. മിക്ക കേസുകളിലും പണം നല്‍കേണ്ടത് ആവശ്യമാണെന്ന് ബോധ്യപ്പെട്ടിരുന്നതായും അവര്‍ പറഞ്ഞു.