{"vars":{"id": "89527:4990"}}

മക്കയില്‍ കനത്ത മഴ

 
ജിദ്ദ: ഉംറ തീര്‍ഥാടകര്‍ ഒഴികിക്കൊണ്ടിരിക്കെ വിശുദ്ധ നഗരമായ മക്കയില്‍ മഴ കനത്തു. വ്യാഴാഴ്ചയുണ്ടായ മഴയില്‍ നിരവധി റോഡുകള്‍ മുങ്ങി. വാദികള്‍ നിറഞ്ഞു കവിഞ്ഞതോടെ പല കെട്ടിടങ്ങളിലേക്കും വെള്ളം കയറി. പുണ്യനഗരത്തിലും പരിസര പ്രദേശങ്ങളിലും ഇടിമിന്നലുകളും കൊടുങ്കാറ്റുകളും വീശിയടിച്ചു. മഴയുടെ ആഘാതം വ്യക്തമാക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മക്ക, ജിസാന്‍, അസീര്‍, അല്‍ ബാഹ, മദീന എന്നീ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുള്ള ഇടത്തരം മുതല്‍ കനത്ത ഇടിമിന്നലുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കിഴക്കന്‍ പ്രവിശ്യയുടെ ചില ഭാഗങ്ങളില്‍ ഇടിമിന്നലിനും തബൂക്കിന്റെ ചില തീരപ്രദേശങ്ങളില്‍ മൂടല്‍മഞ്ഞിനും സാധ്യതയുള്ളതിനാല്‍ പൊടിപടലങ്ങള്‍ വഹിക്കുന്ന ശക്തമായ കാറ്റ് വീശുമെന്നും അധികൃതര്‍ അറിയിച്ചു. കൊടുങ്കാറ്റോട് കൂടെയുണ്ടായ മഴ മക്കയിലെ നിരവധി താഴ്വരകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിന് കാരണമായി, താമസക്കാരോടും സന്ദര്‍ശകരോടും ജാഗ്രത പാലിക്കാന്‍ അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. ചെങ്കടലിന് മുകളിലൂടെയുള്ള വടക്കുപടിഞ്ഞാറന്‍ കാറ്റ്, മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ എത്തുകയും ഉയര്‍ന്ന തിരമാലകള്‍ക്ക് കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്.