യെമനിലെ മുകല്ല തുറമുഖത്ത് ബോംബാക്രമണവുമായി സൗദി; ലക്ഷ്യം യുഎഇയുടെ കപ്പലുകൾ
Dec 31, 2025, 08:04 IST
വിമതസേനയുടെ നിയന്ത്രണത്തിലുള്ള ദക്ഷിണ യെമൻ തുറമുഖ നഗരമായ മുകല്ലയിൽ ബോംബിട്ട് സൗദി അറേബ്യ. ഫുജൈറയിൽ നിന്നെത്തിയ യുഎഇയുടെ രണ്ട് കപ്പലുകൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ആളപായമോ, വൻ നാശമോ ആക്രമണത്തിൽ ഇല്ലെന്നാണ് റിപ്പോർട്ട്.
വിമതസേനക്കുള്ള ആയുധങ്ങളുമായാണ് കപ്പലുകൾ എത്തിയതെന്ന് സൗദി ആരോപിച്ചു. എന്നാൽ യുഎഇ വിദേശകാര്യ മന്ത്രാലയം ആരോപണം നിഷേധിച്ചു. യെമനിൽ നിന്ന് യുഎഇ സേന പിൻവാങ്ങുമെന്ന് പ്രതിരോധ മന്ത്രാലയവും അറിയിച്ചു.
ദക്ഷിണ യെമൻ പ്രത്യേക രാജ്യമാക്കാൻ ലക്ഷ്യമിടുന്ന സൗദിവിരുദ്ധ സതേൺ ട്രാൻസിഷനൽ കൗൺസിൽ സേന കഴിഞ്ഞ ദിവസമാണ് മുകല്ല പിടിച്ചത്. യുഎഇയുടെ സഹായത്തോടെയാണ് ഇതെന്നും അപകടകരമായ പ്രവർത്തിയെന്നുമാണ് സൗദി ഇതിനെ വിശേഷിപ്പിച്ചത്.