വിശുദ്ധ കഅ്ബാലയത്തെ അണിയിച്ച കിസ്‌വ താഴ്ത്തിക്കെട്ടി

മക്ക: വിശുദ്ധ കഅ്ബാലയത്തെ അണിയിച്ച കിസ്വ ഹറംകാര്യ വകുപ്പ് താഴ്ത്തിക്കെട്ടി. ഹജ് സീസൺ അവസാനിച്ചതോടെയാണ് പതിവു പോലെ കിസ്വ താഴ്ത്തിക്കെട്ടിയത്. എല്ലാ വർഷവും ഹജിനു തൊട്ടു മുമ്പായി
 

മക്ക: വിശുദ്ധ കഅ്ബാലയത്തെ അണിയിച്ച കിസ്‌വ ഹറംകാര്യ വകുപ്പ് താഴ്ത്തിക്കെട്ടി. ഹജ് സീസൺ അവസാനിച്ചതോടെയാണ് പതിവു പോലെ കിസ്‌വ താഴ്ത്തിക്കെട്ടിയത്. എല്ലാ വർഷവും ഹജിനു തൊട്ടു മുമ്പായി കിസ്‌വ ഉയർത്തിക്കെട്ടുന്നതും ഹജ് അവസാനിച്ച ശേഷം താഴ്ത്തിക്കെട്ടുന്നതും പതിവാണ്.

ഇത്തവണ സൗദി അറേബ്യക്കകത്തു നിന്നുള്ള പരിമിതമായ തീർഥാടകർക്കു മാത്രമാണ് ഹജ് അനുമതി ലഭിച്ചതെങ്കിലും കിസ്‌വ ഉയർത്തിക്കെട്ടിയിരുന്നു. തിരക്കിനിടെ ഹജ് തീർഥാടകർ പിടിച്ചുവലിക്കുന്നതു മൂലം കേടാകാനുള്ള സാധ്യത കണക്കിലെടുത്താണ് എല്ലാ വർഷവും ഹജ് കാലത്ത് കിസ്‌വ ഉയർത്തിക്കെട്ടുന്നത്. ഈ കൊല്ലം ഹജ് തീർഥാടകരുടെ തിരക്കുണ്ടായിരുന്നില്ലെങ്കിലും പതിവു പോലെ കിസ്‌വ ഉയർത്തിക്കെട്ടുകയായിരുന്നു. ദുൽഖഅ്ദ മധ്യത്തിലാണ് കിസ്‌വ ഉയർത്തിക്കെട്ടിയത്.

വൃത്തിയായി സൂക്ഷിക്കുന്നതിനും കേടാകാതെ നോക്കുന്നതിനുമാണ് കിസ്‌വ ഉയർത്തിക്കെട്ടുന്നത്. തെറ്റായ വിശ്വാസം മൂലം ചിലർ കിസ്‌വയിൽ നിന്ന് നൂലുകൾ വലിച്ചെടുക്കാറുണ്ട്. മറ്റു ചിലർ അനുഗ്രഹം തേടി കിസ്‌വയെ സ്പർശിക്കുകയും ചുംബിക്കുകയും മറ്റും ചെയ്യാറുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് ഹജ് കാലത്ത് കിസ്‌വ ഉയർത്തിക്കെട്ടുന്നത്.

ഇത്തവണ കൊറോണ വ്യാപനം തടയാനുള്ള മുൻകരുതലുകളുടെ ഭാഗമായി വിശുദ്ധ കഅ്ബാലയത്തിലും ഹജ്‌റുൽ അസ്‌വദിലും സ്പർശിക്കാനും ചുംബിക്കാനും തീർഥാടകരെ അനുവദിച്ചിരുന്നില്ല. ഹാജിമാർ കഅ്ബാലയത്തിനു സമീപം എത്തുന്നത് തടയാൻ ബാരിക്കേഡുകൾ സ്ഥാപിക്കുകയും നിരീക്ഷകരെ നിയോഗിക്കുകയും ചെയ്തിരുന്നു.