ഹറമിൽ സംസം വിതരണത്തിന് പുതിയ ട്രോളികൾ

മക്ക: വിശുദ്ധ ഹറമിൽ തീർഥാടർക്കും വിശ്വാസികൾക്കുമിടയിൽ സംസം ബോട്ടിലുകൾ വിതരണം ചെയ്യുന്നതിന് പുതിയ ട്രോളികൾ ഏർപ്പെടുത്തി. ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് ട്രോളികൾ
 

മക്ക: വിശുദ്ധ ഹറമിൽ തീർഥാടർക്കും വിശ്വാസികൾക്കുമിടയിൽ സംസം ബോട്ടിലുകൾ വിതരണം ചെയ്യുന്നതിന് പുതിയ ട്രോളികൾ ഏർപ്പെടുത്തി. ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് ട്രോളികൾ ഉദ്ഘാടനം ചെയ്തു. വിശുദ്ധ ഹറമിനകത്തും ഹറമിന്റെ മുറ്റങ്ങളിലും തീർഥാടകർക്കും വിശ്വാസികൾക്കും സംസം വിതരണം ചെയ്യുന്നതിന് സംസം വിതരണ വിഭാഗം മേൽനോട്ടം വഹിക്കുന്നു.

കൊറോണ വ്യാപനം തടയുന്ന മുഴുവൻ മുൻകരുതൽ നടപടികളും പാലിച്ചാകണം സംസം ബോട്ടിലുകൾ വിതരണം ചെയ്യേണ്ടതെന്നും ഹറംകാര്യ വകുപ്പ് മേധാവി പറഞ്ഞു. വിശുദ്ധ ഹറമിലെ പരിസ്ഥിതി, പ്രതിരോധ, പകർച്ചവ്യാധി നിയന്ത്രണ വകുപ്പ് ഉദ്യോഗസ്ഥർക്കുള്ള യൂനിഫോമും ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് ഉദ്ഘാടനം ചെയ്തു.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിശുദ്ധ ഹറമിൽ പരമ്പരാഗത രീതിയിലുള്ള സംസം വിതരണം നിർത്തിവെച്ചിട്ടുണ്ട്. സംസം വിതരണത്തിന് ഉപയോഗിച്ചിരുന്ന ജാറുകൾ എടുത്തുമാറ്റുകയും സംസം വിതരണ കൂളറുകളും ടാപ്പുകളും അടക്കുകയും ചെയ്തിട്ടുണ്ട്. അണുവിമുക്തമാക്കിയ സംസം ബോട്ടിലുകളാണ് ഇപ്പോൾ തീർഥാടകർക്കിടയിൽ വിതരണം ചെയ്യുന്നത്.