ഇന്ത്യയില്ല; 25 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദിയിലേക്ക് മടങ്ങുന്നതിനുള്ള നടപടികളായി

റിയാദ്: 25 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദിയിലേക്ക് മടങ്ങിവരുവാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി സൗദി എയർലൈൻസ്. എന്നാൽ ആദ്യ പട്ടികയിൽ ഇന്ത്യയില്ല. ഇന്ത്യയെ ഉൾപ്പെടുത്താതെ 25 രാജ്യങ്ങളുടെ പട്ടികയാണ് സൗദി
 

റിയാദ്: 25 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദിയിലേക്ക് മടങ്ങിവരുവാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി സൗദി എയർലൈൻസ്. എന്നാൽ ആദ്യ പട്ടികയിൽ ഇന്ത്യയില്ല. ഇന്ത്യയെ ഉൾപ്പെടുത്താതെ 25 രാജ്യങ്ങളുടെ പട്ടികയാണ് സൗദി എയർലൈൻസ് പുറത്ത് വിട്ടിരിക്കുന്നത്.

സൗദിയിലേക്ക് മടങ്ങുന്നവർക്ക് ഏഴ് നിബന്ധനകൾ പാലിക്കണമെന്നാണ് സൗദി എയർലൈൻസ് അറിയിച്ചിട്ടുള്ളത്. സിവിൽ ഏവിയേഷൻ അതോറിറ്റി നേരത്തെ പ്രസിദ്ധീകരിച്ച അതേ നിബന്ധനകൾ തന്നെയാണിത്. ഇത് സംബന്ധിച്ച വിശദ വിവരങ്ങൾ സൗദിയ വിമാന കമ്പനി വെബ്സൈറ്റിൽ പ്രസിദ്ദീകരിച്ചു.

ഇതനുസരിച്ച് വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ഒരു പ്രത്യേകഫോം പൂരിപ്പിച്ച് വിമാനത്താവളത്തിൽ നൽകണം. ആരോഗ്യ പ്രവർത്തകർ മൂന്ന് ദിവസവും അല്ലാത്തവർ ഏഴ് ദിവസവും ക്വാറന്റീനിൽ കഴിയണം. ക്വാറന്റീൻ പൂർത്തിയാക്കിയാൽ പിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവ് റിസൽട്ട് ആണെന്ന് ഉറപ്പ് വരുത്തണം. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ തത്മൻ, തവക്കൽന തുടങ്ങിയ ആപുകൾ ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യണം.

സൗദിയിലെത്തി എട്ട് മണിക്കൂറിനുള്ളിൽ യാത്രക്കാർ താമസിക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷൻ തത്മൻ ആപിൽ രജിസ്റ്റർ ചെയ്യണം. യാത്രക്കാർക്ക് ഏതെങ്കിലും രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടാൽ ആരോഗ്യമന്ത്രാലയത്തിന്റെ നമ്പറിലേക്ക് വിളിക്കുകയോ അടുത്തുള്ള ഹെൽത്ത് സെന്ററിൽ പോവുകയോ വേണം. യാത്രക്കാർ ദിവസവും ആപിൽ നിർദ്ദേശിച്ചിട്ടുള്ള ആരോഗ്യ പരിശോധന നടത്തിയിരിക്കണം. ക്വാറന്റൈൻ സമയം എല്ലാ സുരക്ഷാമുൻ കരുതലുകളും പാലിച്ചിരിക്കണം.

യുഎഇ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ, ഈജിപ്ത്, ലബനാൻ, തുനീഷ്യ, മൊറോക്കോ, ചൈന, തുടങ്ങി 25 രാജ്യങ്ങളിൽ നിന്നും സൗദിയിൽ എത്തുന്നവർക്കുള്ള ഉപാധികളാണ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്. കോവിഡ് കേസുകളിൽ ലോകത്ത് മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയിൽ നിന്നുള്ള സർവീസുകൾ എന്ന് തുടങ്ങുമെന്നതിൽ വ്യക്തതയില്ല.