കഅ്ബയിലെ കിസ്‌വ മോഷ്ടിച്ചു കടത്താൻ ശ്രമിച്ചവർ അറസ്റ്റിൽ

മക്ക: വിശുദ്ധ കഅ്ബാലയത്തെ അണിയിച്ച കിസ്വയുടെ (പുടവ) ഭാഗങ്ങൾ വിദേശത്തേക്ക് കടത്താൻ ശ്രമിച്ച രണ്ടു പാക്കിസ്ഥാനികളെ മക്കയിൽ നിന്ന് സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. മക്ക അൽശിശ
 

മക്ക: വിശുദ്ധ കഅ്ബാലയത്തെ അണിയിച്ച കിസ്‌വയുടെ (പുടവ) ഭാഗങ്ങൾ വിദേശത്തേക്ക് കടത്താൻ ശ്രമിച്ച രണ്ടു പാക്കിസ്ഥാനികളെ മക്കയിൽ നിന്ന് സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. മക്ക അൽശിശ ഡിസ്ട്രിക്ടിൽ പ്രവർത്തിക്കുന്ന സൗദി പോസ്റ്റ് ശാഖ വഴി വിദേശത്തേക്ക് കൊറിയർ ആയി ഏഴു കിസ്‌വ ഭാഗങ്ങൾ അയക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും സുരക്ഷാ വകുപ്പുകളുടെ പിടിയിലായത്. കിസ്‌വ ഭാഗങ്ങൾ കൊറിയർ ആയി അയക്കാൻ എത്തിയവരെ കുറിച്ച് സൗദി പോസ്റ്റ് അധികൃതർ സുരക്ഷാ വകുപ്പുകൾക്ക് രഹസ്യ വിവരം നൽകുകയായിരുന്നു.

സിത്തീൻ സ്ട്രീറ്റിൽ വെച്ച് അജ്ഞാതനായ ഇന്ത്യക്കാരനിൽ നിന്നാണ് തങ്ങൾ കിസ്‌വ ഭാഗങ്ങൾ വാങ്ങിയതെന്ന് ചോദ്യം ചെയ്യലിൽ പാക്കിസ്ഥാനികൾ പറഞ്ഞു. ഇന്ത്യക്കാരനെ തങ്ങൾക്ക് മുൻ പരിചയമില്ലെന്നും 300 റിയാലിനാണ് കിസ്‌വ ഭാഗങ്ങൾ വാങ്ങിയതെന്നും പാക്കിസ്ഥാനികൾ വാദിച്ചു. വിശദമായി ചോദ്യം ചെയ്യാനും തുടർ നടപടികൾ സ്വീകരിക്കാനും ഇരുവരെയും പിന്നീട് അൽഖറാറ പോലീസ് സ്റ്റേഷന് കൈമാറി. അന്വേഷണം പൂർത്തിയാക്കി ഇരുവർക്കുമെതിരായ കേസ് പോലീസ് പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ബന്ധപ്പെട്ടവർ വെളിപ്പെടുത്തി.