{"vars":{"id": "89527:4990"}}

യാത്രക്കാരുടെ കടുത്ത പ്രതിഷേധം; സാങ്കേതിക തകരാറിനെ തുടർന്ന് ദുബൈ - കൊച്ചി സ്പൈസ് ജെറ്റ് വിമാനം റദ്ദാക്കി

 

ദുബൈ: സാങ്കേതിക തകരാറിനെത്തുടർന്ന് ദുബൈയിൽ നിന്നും കൊച്ചിയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാന സർവീസ് റദ്ദാക്കി. യാത്രക്കാരുടെ കടുത്ത പ്രതിഷേധത്തിനൊടുവിലാണ് വിമാനം റദ്ദാക്കാൻ അധികൃതർ തീരുമാനിച്ചത്. ദുബൈയിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് SG 5113 വിമാനമാണ് റദ്ദാക്കിയത്.

​ഇന്നലെ വൈകുന്നേരം 3.55-ന് പുറപ്പെടേണ്ടിയിരുന്ന വിമാനം കൊച്ചിയിൽ നിന്ന് എത്തിച്ചേരാൻ വൈകിയെന്ന കാരണം പറഞ്ഞ് ആദ്യം രാത്രി 11.45-ലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് യാത്രക്കാരെ വിമാനത്തിൽ കയറ്റിയെങ്കിലും നാല് മണിക്കൂറോളം പുറപ്പെടാതെ കിടന്നു. ഈ സമയമത്രയും വിമാനത്തിലെ എ.സി പ്രവർത്തിച്ചിരുന്നില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു.

​എ.സി തകരാറിലായതോടെ ശ്വാസം മുട്ടുന്ന അവസ്ഥയിലായ യാത്രക്കാർ വിമാനത്തിനുള്ളിൽ കടുത്ത പ്രതിഷേധം ഉയർത്തി. ഇതേത്തുടർന്ന് പുലർച്ചെ 3.30-ഓടെ യാത്രക്കാരെ വീണ്ടും ദുബൈ വിമാനത്താവളത്തിൽ തിരിച്ചിറക്കുകയും സർവീസ് റദ്ദാക്കിയതായി അറിയിക്കുകയുമായിരുന്നു. 128 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

​സർവീസ് റദ്ദാക്കിയെങ്കിലും യാത്രക്കാർക്ക് പകരം സംവിധാനം ഒരുക്കാൻ സ്പൈസ് ജെറ്റ് തയ്യാറായിട്ടില്ലെന്ന് ആക്ഷേപമുണ്ട്. ടിക്കറ്റ് തുക റീഫണ്ട് ചെയ്യാമെന്ന നിലപാടാണ് കമ്പനി സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്പൈസ് ജെറ്റിന്റെ കൊച്ചി, കോഴിക്കോട് സർവീസുകൾ സമാനമായ രീതിയിൽ വലിയ തോതിൽ വൈകുന്നതായി യാത്രക്കാർ ആരോപിക്കുന്നു.