ആക്രമണവിവരം നേരത്തെ അറിഞ്ഞിരുന്നില്ല; ട്രംപിന്റെ വാദം തള്ളി ഖത്തർ
ഇസ്രായേലിന്റെ ആക്രമണനീക്കം അറിഞ്ഞതിന് പിന്നാലെ ഖത്തറിന് വിവരം കൈമാറാൻ നിർദേശിച്ചെന്ന ട്രംപിന്റെ വാദം തള്ളി ഖത്തർ. ആക്രമണവിവരം നേരത്തെ അറിഞ്ഞിട്ടില്ലെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മുൻകൂട്ടി അറിയിച്ചെന്ന പ്രചാരണം ശരിയല്ല. ദോഹയിൽ സ്‌ഫോടനശബ്ദങ്ങൾ ഉയർന്നതിന് പിന്നാലെയാണ് അമേരിക്കൻ സന്ദേശം എത്തിയതെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു
മധ്യപൂർവേഷ്യയിലെ യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിനാണ് താൻ നിർദേശം നൽകിയതെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഖത്തർ ഈ വാദങ്ങൾ തള്ളുകയാണ്. അതേസമയം ഖത്തറിൽ ഇനി ആക്രമണം ഉണ്ടാകില്ലെന്ന് ട്രംപ് പറഞ്ഞു. ഇക്കാര്യത്തിൽ ഖത്തറിന് ഉറപ്പ് നൽകിയതായി വൈറ്റ് ഹൗസ് അറിയിച്ചു.
ഖത്തറിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹമാസ് പ്രതിനിധി സംഘത്തിലെ ഖലീൽ അൽ ഹയ്യയുടെ മകൻ മരിച്ചതായാണ് റിപ്പോർട്ട്. ഓഫീസ് ഡയറക്ടറും മൂന്ന് സുരക്ഷാ ജീവനക്കാരും ഒരു ഖത്തർ സുരക്ഷാ സേനാംഗവും മരിച്ചെന്ന് ഹമാസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു
ഉന്നത നേതാക്കൾ സുരക്ഷിതരാണെന്നും ആക്രമണം അതിജീവിച്ചെന്നും ഹമാസ് പറയുന്നു. ആറ് പേർ മരിച്ചതായാണ് ഹമാസ് സ്ഥിരീകരിക്കുന്നത്. മരിച്ച അഞ്ച് പേരുടെ ചിത്രങ്ങളും ഹമാസ് പുറത്തുവിട്ടു. വെടിനിർത്തൽ ചർച്ചക്കായി ദോഹയിലെത്തിയ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടാണ് ഇസ്രായേൽ ആക്രമണം നടത്തിയത്.