{"vars":{"id": "89527:4990"}}

രാജ്യത്തിനായി ധീരജീവത്യാഗം ചെയ്തവരെ യുഎഇ പ്രസിഡന്റ് അനുസ്മരിച്ചു

 
അബുദാബി: ചുമതലകള്‍ നിര്‍വഹിക്കുന്നിതിനിടെ രാജ്യത്തിനായി ധീരജീവത്യാഗം ചെയ്ത സൈനികരെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അനുസ്മരിച്ചു. യുഎഇ കമെമ്മൊറേഷന്‍ ഡേയുടെ തലേ ദിവസമാണ് പ്രസിഡന്റ് ധീരരായ പടയാളികളെ അനുസ്മരിച്ചത്. അവര്‍ രാജ്യത്തിനായി ചെയ്ത സമാനതകളില്ലാത്ത ത്യാഗം ഒരിക്കലും വിസ്മരിക്കപ്പെടുകയില്ലെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി. നമ്മുടെ രാജ്യത്തിന്റെ ധീരരായ വ്യക്തിത്വങ്ങളാണവര്‍. അവരുടെ ഓര്‍മകള്‍ മറ്റുള്ളവര്‍ക്ക് രാജ്യത്തെ സേവിക്കാനും സ്‌നേഹിക്കാനുമുള്ള പ്രചോദനംകൂടിയാണ്. അവരുടെ മാതൃഭൂമിയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയാണ് ജീവത്യാഗത്തില്‍ പ്രതിഫലിക്കുന്നത്. രാജ്യത്തിന്റെ ചരിത്രത്താളുകളില്‍ അവരുടെ ധീരമായ പ്രവര്‍ത്തി എക്കാലവും പ്രിയപ്പെട്ട ഓര്‍മകളായി ഒളിമങ്ങാതെ കിടക്കുമെന്നും ശൈഖ് മുഹമ്മദ് ഓര്‍മിപ്പിച്ചു.