‘മോഡിപ്‌ളോമസി: ത്രു എ ഷെക്‌സ്പീരിയൻ പ്രിസം’ പുസ്തകം പരിചയപ്പെടുത്തി

റിപ്പോർട്ട്: മുഹമ്മദ് ഖാദർ നവാസ് ഷാർജ: ഇന്ത്യയുടെ മുൻ നയതന്ത്രോദ്യോഗസ്ഥനും എഴുത്തുകാരനുമായ ടി. പി. ശ്രീനിവാസൻ രചിച്ച ‘മോഡിപ്ളോമസി: ത്രു എ ഷെക്സ്പീരിയൻ പ്രിസം’ എന്ന പുസ്തകത്തിന്റെ
 

റിപ്പോർട്ട്: മുഹമ്മദ് ഖാദർ നവാസ്‌

ഷാർജ: ഇന്ത്യയുടെ മുൻ നയതന്ത്രോദ്യോഗസ്ഥനും എഴുത്തുകാരനുമായ ടി. പി. ശ്രീനിവാസൻ രചിച്ച ‘മോഡിപ്‌ളോമസി: ത്രു എ ഷെക്‌സ്പീരിയൻ പ്രിസം’ എന്ന പുസ്തകത്തിന്റെ പരിചയപ്പെടുത്തൽ ഷാർജ അന്താരാഷ്ട്രപുസ്തകോത്സവത്തിൽ നടന്നു.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശരാജ്യങ്ങളുമായുള്ള നയതന്ത്രബന്ധങ്ങളെയും നയതന്ത്രതലത്തിൽ അദ്ദേഹം നടത്തുന്ന ശ്രമങ്ങളെയും ആ ശ്രമങ്ങളുടെ ജയപരാജയങ്ങളുമാണ് പുസ്തകത്തിന്റെ ഇതിവൃത്തം.

നരേന്ദ്ര മോദിയെ കുറിച്ച് അന്ധമായ പ്രശംസയോ വിമർശനമോ പുസ്തകത്തിൽ ഇല്ലന്ന് ടി. പി. ശ്രീനിവാസൻ പറഞ്ഞു. മുപ്പത്തേഴ് വർഷം, ഇന്ദിര ഗാഡി മുതൽ മൻമോഹൻ സിംഗ് വരെയുള്ള പ്രധാനമന്ത്രിമാരുടെ കാലത്ത് നയതന്ത്രരംഗത്ത് പ്രവർത്തിച്ച അനുഭവത്തിന്റെ വെളിച്ചത്തിലാണ് താൻ നരേന്ദ്ര മോദിയുടെ നയതന്ത്രത്തെ പുസ്തകത്തിൽ വിലയിരുത്തുന്ന തെന്ന് അദ്ദേഹം പറഞ്ഞു.

അപ്രതീക്ഷിതമായ സംഭവങ്ങൾ കഥാഗതിയുടെ ദശാസന്ധികളിൽ പ്രത്യക്ഷപ്പെടുന്ന ഷേക്‌സ്പീരിയൻ നാടകത്തോടാണ് മോദിയുടെ നയതന്ത്രശ്രമങ്ങളെ പുസ്തകത്തിൽ ഉപമിച്ചിരിക്കുന്നത്. വിദേശനയമെന്നത് അനുസ്യൂതമായ ഒരു പ്രക്രിയയാണെന്ന് ടി. പി. ശ്രീനിവാസൻ പറഞ്ഞു. അതിന് ഒരിക്കലും നിശ്ചലാവസ്ഥയിൽ തുടരാനാകില്ല.

രണ്ട് ധ്രുവങ്ങളിലായി കേന്ദ്രീകരിച്ചിരുന്ന ലോകരാഷ്ട്രീയം സോവിയറ്റ് യൂണിയന്റെ ശിഥിലീകരണത്തോടെ ഏകധ്രുവലോകമായി മാറിയെങ്കിലും, സമീപഭാവിയിൽ അത് ആറോളം രാജ്യങ്ങൾ നിർണ്ണായശക്തിയുള്ള ബഹുധ്രുവവ്യവസ്ഥയായി ലോകരാഷ്ട്രീയം മാറുമെന്ന് ടി. പി. ശ്രീനിവാസൻ പറഞ്ഞു. ആ രീതിയിൽ മാറിവരുന്ന ലോകവ്യവസ്ഥയിൽ സ്വന്തം സ്ഥാനം ഉറപ്പിക്കാനാണ് ഭാരതം ശ്രമിക്കുന്നത്.

അനതിവിദൂരഭാവിയിൽ സാമ്പത്തികവളർച്ചയുടെയും രാഷ്ട്രീയസ്വാധീനത്തിന്റെയും കാര്യത്തിൽ ചൈന അമേരിക്കയെ മറികടക്കാൻ സാദ്ധ്യതയേറെയാണ്. അമേരിക്കയെ മാത്രമല്ല, ഇന്ത്യ അടക്കമുള്ള ചൈനയുടെ എല്ലാ അയൽരാജ്യങ്ങൾക്കും ഇക്കാര്യത്തിൽ ആശങ്കയുണ്ട്. ഇന്ത്യാപസഫിക് മേഖലയിലെ നിലവിലുള്ള സന്തുലിതാവസ്ഥ നിലനിർത്താനാണ് ഇന്ത്യയും അമേരിക്കയും കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് ടി. പി. ശ്രീനിവാസൻ പറഞ്ഞു.

ന്യൂ ഡൽഹിയിലെ കൊണാർക്ക് പബ്‌ളിഷേഴ്‌സാണ് ഇരുനൂറ്റി എഴുപത്തിരണ്ട് പേജുകളുള്ള പുസ്തകത്തിന്റെ പ്രസാധകർ. പ്രണയ് ഗുപ്‌തെയാണ് പുസ്തകത്തിന് മുഖവുര എഴുതിയിരിക്കുന്നത്.