യുഎഇ പ്രവാസികൾ പണം അയയ്ക്കാൻ കൂടുതലായി ആശ്രയിക്കുന്നത് ഡിജിറ്റൽ മാർഗങ്ങളെ
ദുബായ്: യുഎഇയിൽ നിന്ന് സ്വന്തം രാജ്യങ്ങളിലേക്ക് പണം അയയ്ക്കുന്ന പ്രവാസികൾക്കിടയിൽ ഡിജിറ്റൽ പേയ്മെന്റ് ആപ്ലിക്കേഷനുകളുടെ ഉപയോഗം ഗണ്യമായി വർധിച്ചുവരുന്നതായി റിപ്പോർട്ട്. യുഎഇയിലെ പ്രമുഖ ഫിൻടെക് കമ്പനികളുടെ സഹകരണത്തോടെ 'വിസ' പുറത്തിറക്കിയ പുതിയ പഠന റിപ്പോർട്ടിലാണ് ഈ കണ്ടെത്തലുകൾ. പരമ്പരാഗത പണമിടപാട് കേന്ദ്രങ്ങളെക്കാൾ സുരക്ഷിതവും വേഗവും സൗകര്യപ്രദവുമായതിനാൽ മിക്ക പ്രവാസികളും ഇപ്പോൾ ഡിജിറ്റൽ സംവിധാനങ്ങളാണ് തിരഞ്ഞെടുക്കുന്നത്.
വിസയുടെ 'മണി ട്രാവൽസ്: 2025 ഡിജിറ്റൽ റെമിറ്റൻസ് അഡോപ്ഷൻ റിപ്പോർട്ട്' അനുസരിച്ച്, യുഎഇയിലെ മൂന്നിൽ രണ്ട് പേരും ഇപ്പോൾ പണം അയയ്ക്കാൻ ഫിസിക്കൽ ലൊക്കേഷനുകൾക്ക് പകരം ഡിജിറ്റൽ ആപ്ലിക്കേഷനുകൾക്ക് മുൻഗണന നൽകുന്നു. 50% പേർ ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത് ഡിജിറ്റൽ മാർഗങ്ങളുടെ ഉപയോഗത്തിലെ എളുപ്പമാണ്. 46% പേർ സുരക്ഷയും വേഗത്തിലുള്ള ഇടപാടുകളുമാണ് പ്രധാന ഘടകങ്ങളായി പറഞ്ഞത്.
ഈ വർഷം നടത്തിയ സർവേയിൽ, യുഎഇയിൽ നിന്നുള്ള പ്രവാസികൾ ഒരു വർഷത്തിൽ ഒരിക്കലെങ്കിലും പണം അയയ്ക്കുന്നുണ്ടെന്ന് 95% പേർ സമ്മതിച്ചു. പണം അയയ്ക്കുന്നതിനുള്ള പ്രധാന കാരണങ്ങളിൽ, കുടുംബത്തിന്റെ സാമ്പത്തിക ആവശ്യങ്ങൾ (49%), പതിവായ സാമ്പത്തിക സഹായം (48%), അപ്രതീക്ഷിത ചെലവുകൾ (42%) എന്നിവ ഉൾപ്പെടുന്നു.
ലോകത്തിലെ മൂന്നാമത്തെ വലിയ റെമിറ്റൻസ് അയയ്ക്കുന്ന രാജ്യമാണ് യുഎഇ. 2030-ഓടെ യുഎഇയിൽ നിന്നുള്ള പണമിടപാടുകളുടെ മൂല്യം 16.91% വാർഷിക വളർച്ചയോടെ 6.59 ബില്യൺ ഡോളറിലെത്തുമെന്ന് സ്റ്റാറ്റിസ്റ്റയുടെ പ്രൊജക്ഷൻ റിപ്പോർട്ടിൽ പറയുന്നു. നിലവിൽ യുഎഇയിലെ 57% ഉപയോക്താക്കളും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളാണ് പണം കൈമാറ്റത്തിന് ഉപയോഗിക്കുന്നത്. ഈ വളർച്ച സൂചിപ്പിക്കുന്നത്, യുഎഇയിലെ പണമിടപാട് വിപണിയുടെ ഭാവി പൂർണ്ണമായും ഡിജിറ്റൽ സംവിധാനങ്ങളിലേക്ക് മാറുമെന്നാണ്.