{"vars":{"id": "89527:4990"}}

അബുദാബിയില്‍ നട്ടത് 65 ലക്ഷം പൂച്ചെടികള്‍

 


അബുദാബി: തലസ്ഥാന നഗരിയുടെ സൗന്ദര്യം പ്രകൃതിദത്ത മാര്‍ഗങ്ങളിലൂടെ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് അധികൃതര്‍ നട്ടത് 65 ലക്ഷം പൂച്ചെടികള്‍. അബുദാബി നഗരസഭയുടെ വേനല്‍ക്കാല നഗര സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായാണ് ഇത്രയും പൂച്ചെടികള്‍ നട്ടുപിടിപ്പിച്ചിരിക്കുന്നത്. ഈ വര്‍ഷം വേനലിലും ശൈത്യത്തിലുമായി മൊത്തം 1.3 കോടി പൂച്ചെടികള്‍ നടാനാണ് പദ്ധതി. ഇതില്‍ നേര്‍പാതിയായ 65 ലക്ഷമാണ് വേനലില്‍ നട്ടുപിടിപ്പിച്ച് നഗരസഭ റെക്കാര്‍ഡിട്ടിരിക്കുന്നത്. 
പദ്ധതി നൂറു ശതമാനം പൂര്‍ത്തിയായതായും അധികൃതര്‍ വെളിപ്പെടുത്തി. 
രാജ്യത്തിന്റെ പരിസ്ഥിതിക്ക് യാതൊരുവിധത്തിലും പോറലേല്‍പ്പിക്കാതെയാണ് സുസ്ഥിര വികസനം ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കുന്നത്. അബുദാബി നഗരത്തിലും പരിസര പ്രദേശങ്ങളിലും എത്തുന്ന സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കുമെല്ലാം കണ്ണിന് കുളിരേകുന്ന കാഴ്ചയായി മാറിയിരിക്കുകയാണ് എവിടെ തിരിഞ്ഞാലും പൂത്തുലഞ്ഞുല്ലസിക്കുന്ന പൂക്കളും അവയെ തൊട്ടുരുമ്മുന്ന ഷട്പദങ്ങളും പറവകളുമെല്ലാം.