{"vars":{"id": "89527:4990"}}

കുറ്റകൃത്യം: കുവൈത്ത് നാടുകടത്തുന്നത് ആയിരങ്ങളെ

 


കുവൈത്ത് സിറ്റി: വിവിധ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഓരോ മാസവും കുവൈത്ത്  നാടുകടത്തുന്നത് 7,000 മുതല്‍ 8,000വരെ പ്രവാസികളെ. നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് പിടിക്കപ്പെടുന്നവരെയാണ് നിയമനടപടികള്‍ക്കു ശേഷം നാടുകടത്തുന്നതെന്ന് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബ അറിയിച്ചു.


രാജ്യത്തെ നിയമലംഘകരില്‍നിന്ന് മുക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിവിധ ഏജന്‍സികള്‍ സംയുക്തമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരേസമയം, റെയിഡുകള്‍ നടത്തിവരുന്നത്. ആഭ്യന്തര മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള ലക്ഷ്യം കൈവരിക്കുന്നതുവരെ ഈ പരിശേധനകള്‍ തുടരുമെന്നും ശൈഖ് ഫഹദ് അല്‍ യൂസഫ് വ്യക്തമാക്കി.

കുവൈറ്റ് ആഭ്യന്തര മന്ത്രാലയം മാര്‍ച്ച് 17നായിരുന്നു മൂന്നു മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചത്. അനധികൃതമായി രാജ്യത്ത് താമസിച്ചു വരികയായിരുന്ന 70,000ത്തോളം പ്രവാസികള്‍ പൊതുമാപ്പിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്തിയിരുന്നു. 

പൊതുമാപ്പ് കാലവധി ജൂണ്‍ 17ന് അവസാനിക്കേണ്ടതായിരുന്നെങ്കിലും അപേക്ഷകരുടെ എണ്ണക്കൂടുതല്‍ പരിഗണിച്ച് ജൂണ്‍ 30 വരെ നീട്ടിയിരുന്നു. ഇതു പ്രകാരം നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് തങ്ങുന്ന പ്രവാസികള്‍ക്ക് പിഴ അടക്കാതെ രാജ്യം വിടുകയോ, നിശ്ചിത തുക പിഴ അടച്ച് രാജ്യത്തെ താമസം ക്രമീകരിക്കുകയോ മറ്റൊരു വിസയിലേക്ക് മാറുകയോ ചെയ്യാന്‍ അനുവാദം നല്‍കിയിരുന്നു.  

കുവൈത്തിലെ എല്ലാ ഗവര്‍ണറേറ്റുകളിലും വിവിധ സുരക്ഷാ ഏജന്‍സികളുടെ സംയുക്താഭിമുഖ്യത്തില്‍ ലേബര്‍ ക്യാംപുകള്‍, താമസ ഇടങ്ങള്‍, മാര്‍ക്കറ്റുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ദിവസക്കൂലിക്കാര്‍ തൊഴില്‍ അന്വേഷിച്ച് ഒത്തുചേരുന്ന കവലകള്‍, റൗണ്ട് എബൗട്ടുകള്‍ എന്നിവിടങ്ങളിലെല്ലാം ശക്തമായ പരിശോധനകളാണ് ഇപ്പോള്‍ നടന്നുവരുന്നത്.