{"vars":{"id": "89527:4990"}}

ജിസിസിയിലെ പുതിയ ഗതാഗത നിയമം: അനധികൃതമായി റോഡ് മുറിച്ചുകടക്കുന്നവര്‍ അപകടത്തില്‍പ്പെട്ടാല്‍ നഷ്ടപരിഹാരം ലഭിക്കില്ല

 
ദുബൈ: യുഎഇയും കുവൈറ്റുമെല്ലാം കഴിഞ്ഞ ദിവസങ്ങളിലായി പാസാക്കിയ പുതിയ ഗതാഗത നിയമപ്രകാരം അനധികൃതമായി റോഡ് മുറിച്ചു കടക്കുകയും അപകടത്തില്‍പ്പെടുകയും ചെയ്താല്‍ നഷ്ടപരിഹാരം ലഭിക്കില്ലെന്ന് യുഎഇ/കുവൈറ്റ് അധികൃതര്‍ വ്യക്തമാക്കി. 80 കിലോമീറ്ററോ അതില്‍ കൂടുതലോ വേഗപരിധിയുള്ള റോഡുകള്‍ മുറിച്ചു കടക്കുന്നവര്‍ക്ക് മൂന്ന് മാസത്തില്‍ കുറയാത്ത തടവും 10,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയുമാണ് കുവൈറ്റില്‍ ശിക്ഷ. നിലവില്‍ ലംഘനത്തിന് 400 ദിര്‍ഹം പിഴയാണ് ശിക്ഷ. അതാണ് 5,000 ദിര്‍ഹം മുതല്‍ 10,000 ദിര്‍ഹം വരെ പിഴയും മൂന്നു മാസം വരെ തടവുമായി കുവൈറ്റ് വര്‍ധിപ്പിച്ചിരിക്കുന്നത്. അനുമതിയില്ലാത്ത ഭാഗത്തുകൂടി കാല്‍നട യാത്രക്കാരന്‍ സഞ്ചരിക്കുകയും അയാളെ വാഹനം ഇടിക്കുകയും ചെയ്താല്‍ ആ വ്യക്തിക്ക് നഷ്ടപരിഹാരം തേടാനുള്ള അവകാശവും കുവൈറ്റിലെ പുതിയ നിയമിത്തില്‍ ഉണ്ടാവില്ല. ഡ്രൈവര്‍ ഭാഗികമായി തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും, ബാധ്യതയുടെ ഭൂരിഭാഗവും കാല്‍നടയാത്രക്കാരന്‍ വഹിക്കേണ്ടിവരും. ഡ്രൈവര്‍ ട്രാഫിക് നിയമങ്ങള്‍ അനുസരിച്ചാണ് വാഹനം ഓടിച്ചതെങ്കില്‍ ഡ്രൈവര്‍ക്കെതിരേ കേസെടുക്കാനുമാവില്ലെന്നതാണ് പുതിയ നിയമത്തിലെ സുപ്രധാനമായ വ്യവസ്ഥകളില്‍ ഒന്ന്. യുഎഇയിലും നിയനത്തിലെ വ്യവസ്ഥകള്‍പലതും കുവൈറ്റിന് സാമാനമാണ്. റോഡ് മുറിച്ചുകടക്കവെ വാഹനമിടിച്ച് 61 മരണങ്ങളാണ് 2023ല്‍ സംഭവിച്ചതെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. 892 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും മന്ത്രാലയം പറയുന്നു. പുതിയ നിയമം നിരോധനം ഏര്‍പ്പെടുത്തിയതിനാല്‍ രാജ്യത്തിന്റെ തെരുവോരങ്ങളില്‍ ഐസ്‌ക്രീം വില്‍പന നടത്തുന്ന വണ്ടികളും ഇനി കാണാനാവില്ല. രാജ്യത്ത് റോഡപകടങ്ങള്‍ കുറക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ പരിഷ്‌കാരങ്ങള്‍ കുവൈറ്റ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.