ദുബൈ ഐ സി എഫ് – മർകസ് വളണ്ടിയർ സമർപണം പ്രൗഢമായി

ദുബൈ: കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളിൽ അധികൃതരെ സഹായിക്കുന്നതിന്നായി ദുബൈ ഐ സി എഫ് – മർകസിന്റെ ആഭിമുഖ്യത്തിൽ രണ്ടാംഘട്ട വളണ്ടിയർ വിംഗിനെ സേവനപ്രവർത്തനത്തിനു സജ്ജമാക്കി. ദുബൈ പോലീസുമായി
 

ദുബൈ: കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളിൽ അധികൃതരെ സഹായിക്കുന്നതിന്നായി ദുബൈ ഐ സി എഫ് – മർകസിന്റെ ആഭിമുഖ്യത്തിൽ രണ്ടാംഘട്ട വളണ്ടിയർ വിംഗിനെ സേവനപ്രവർത്തനത്തിനു സജ്ജമാക്കി. ദുബൈ പോലീസുമായി സഹകരിച്ച് ഹോർ അൽ അൻസ് മേഖലയിലെ സേവനപ്രവർത്തനത്തിനാണ് 145 പേരടുങ്ങുന്ന സംഘത്തെയാണ് രംഗത്തിറക്കിയത്. മേഖലയെ നാലു സോണുകളാക്കി തിരിച്ച് ഈ സന്നദ്ധസേവകർ ഇന്നലെ മുതൽ കർമസജ്ജരായി.

പ്രദേശത്തെ ട്രാഫിക്, സുരക്ഷ, ബോധവത്കരണ പ്രവർത്തനങ്ങളിൽ മുഴുസമയ സേവനവുമായി ഇവർ പുറത്തുണ്ടാവും. വിവിധ ഭാഷാകളിൽ പ്രാവീണ്യമുള്ള ആളുകളാണ് പ്രവർത്തനത്തിനിറങ്ങുന്നത്. നേരത്തെതന്നെ നൈഫ് മേഖലയിൽ വളണ്ടിയർ സപ്പോർട്ട് നൽകിവരുന്നതിനു പുറമെയാണ് ഈ പ്രവർത്തനം. ഇന്നലെ കാലത്ത് 8.30 ന് ഹോർ അൽ അൻസ് യുനൈറ്റഡ് ഹൈപ്പർമാർക്കറ്റ് പാർക്കിംഗ് ഗ്രൗണ്ടിൽ നടന്ന വളണ്ടിയർ സമർപണ ചടങ്ങിൽ ദുബൈ പോലീസിലെ ഉയർന്ന ഉദ്യോഗസ്ഥരായ മേജർ മുഹമ്മദ് അബ്ദുല്ല അൽ ഫലാസി, മേജർ മാജിദ് ഈസ മുഹമ്മദ്, മുഹമ്മദ് അബ്ദുല്ല ബൂഹസൻ തുടങ്ങിയവർ സംബന്ധിച്ചു.

കൊവിഡ് വൈറസിനെ തുരത്തുന്നതിനു എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയും സഹകരണവും ആവശ്യമാണ്. ദുബൈയെ വൈറസ് മുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ വിവിധ സമൂഹങ്ങൾ പ്രത്യേകിച്ച് ഇന്ത്യൻ സമൂഹം നൽകുന്ന പിന്തുണയിൽ സന്തോഷമുണ്ടെന്ന് ദുബൈ പോലീസിലെ ലെഫ്. കേണൽ ഖലീഫ അലി റാശിദ് പറഞ്ഞു. ജനങ്ങൾ പോലീസ് അധികാരികളുടെയും മറ്റു ബന്ധപ്പെട്ട ഡിപ്പാർട്ടുമെന്റുകളുടെയും നിർദേശം പാലിച്ചുകൊണ്ട് ലോകം നേരിടുന്ന പ്രതിസന്ധിയെ മറികടക്കുന്നതിനു സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദുബൈ ഐ സി എഫ്, മർകസ് സാരഥികളായ ഡോ. അബ്ദുൽ സലാം സഖാഫി, ശരീഫ് കാരശ്ശേരി, കരീം തളങ്കര, ഫസൽ മട്ടന്നൂർ, ജമാൽ ഹാജി ചങ്ങരോത്ത്, ശംസുദ്ധീൻ പയ്യോളി, അബ്ദുൽ സലാം കോളിക്കൽ, മുഹമ്മദ് സൈനി, നിയാസ് ചൊക്ലി, അബ്ദുൽ ജലീൽ നിസാമി, അബുല്ല സഖാഫി കുണ്ടാല, ശക്കീർ, മുസ്തഫ കന്മനം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. കൊവിഡ് രോഗബാധയുടെ പശ്ചാതലത്തിൽ വിവിധ സമാശ്വാസ പ്രവർത്തനങ്ങൾ ഇതിനകം സംഘടന ഏറ്റെടുത്ത് നടത്തിവരുന്നുണ്ട്.