യുഎയിലെ ബാങ്കുകൾ 930 ജീവനക്കാരെ പിരിച്ചുവിട്ടു; അടച്ചുപൂട്ടിയത് 49 ബ്രാഞ്ചുകൾ

അബുദാബി: കഴിഞ്ഞ വർഷത്തെ മൂന്നാം പാദത്തിൽ യുഎഇയിലെ ബാങ്കുകൾ 930 ജീവനക്കാരെ പിരിച്ചുവിട്ടതായി കണക്കുകൾ. ഇക്കാലയളവിൽ 49 ശാഖകളാണ് വിവിധ ബാങ്കുകൾ അടച്ചുപൂട്ടിയത്. ബാങ്കുകളുടെ ലയനവും ചെലവ്
 

അബുദാബി: കഴിഞ്ഞ വർഷത്തെ മൂന്നാം പാദത്തിൽ യുഎഇയിലെ ബാങ്കുകൾ 930 ജീവനക്കാരെ പിരിച്ചുവിട്ടതായി കണക്കുകൾ. ഇക്കാലയളവിൽ 49 ശാഖകളാണ് വിവിധ ബാങ്കുകൾ അടച്ചുപൂട്ടിയത്. ബാങ്കുകളുടെ ലയനവും ചെലവ് ചുരുക്കൽ നയങ്ങളുമാണ് ജീവനക്കാരുടെയും ശാഖകളുടെയും എണ്ണം കുറയാൻ കാരണം.

2019ലെ രണ്ടാം പാദത്തിൽ ആകെ 36,448 ബാങ്ക് ജീവനക്കാരുണ്ടായിരുന്ന സ്ഥാനത്ത് മൂന്നാം പാദത്തിലെ കണക്കുകൾ പ്രകാരം 35,518 പേരായി ജീവനക്കാരുടെ എണ്ണം കുറഞ്ഞു. യുഎഇ കേന്ദ്രബാങ്ക് പുറത്തുവിട്ട കണക്കുകളിലാണ് ഈ വിവരങ്ങളുള്ളത്. ജൂൺ മാസത്തിൽ ആകെ 713 ബാങ്ക് ശാഖകളുണ്ടായിരുന്ന സ്ഥാനത്ത് സെപ്തംബറിൽ 664 ശാഖകളായി കുറഞ്ഞു. കഴിഞ്ഞ വർഷം രണ്ട് ബാങ്കുകൾ ലയിച്ചതോടെ രാജ്യത്തെ ആകെ കൊമേഴ്സ്യൽ ബാങ്കുകളുടെ എണ്ണം 59 ആയി. ഇവയിൽ 38 എണ്ണം വിദേശ ബാങ്കുകളാണ്.

കഴിഞ്ഞ വർഷം മേയിലാണ് അബുദാബി കൊമേഴ്സ്യൽ ബാങ്ക്, യൂണിയൻ നാഷണൽ ബാങ്കുമായി ലയിക്കുകയും ഈ സ്ഥാപനം അൽ ഹിലാൽ ബാങ്കിനെ ഏറ്റെടുക്കുകയും ചെയ്തിരുന്നു. സാമ്പത്തിക വളർച്ചാ മുരടിപ്പിന്റെ ഭാഗമായി ചെലവ് കുറയ്ക്കാൻ ലക്ഷ്യമിട്ട് നിരവധി ബാങ്കുകൾ നൂറുകണക്കിന് തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുകയും ചെയ്തു.