വായ്പ തിരിച്ചടയ്ക്കാതെ രാജ്യം വിട്ട ഇന്ത്യൻ കമ്പനി ഉടമകൾക്കെതിരെ നടപടി, ചെറുകിടക്കാരും കുടുങ്ങും

ദുബായ്: വായ്പ തിരിച്ചടയ്ക്കാതെ രാജ്യം വിട്ട ഇന്ത്യൻ കമ്പനി ഉടമകൾക്കെതിരെ നടപടിക്ക് യുഎഇയിലെ ചില ബാങ്കുകൾ നീക്കം നടത്തുന്നുണ്ടെങ്കിലും തുക തിരിച്ചുപിടിക്കൽ എളുപ്പമാകില്ലെന്നു സൂചന. എന്നാൽ ഭാവിയിൽ
 

ദുബായ്: വായ്പ തിരിച്ചടയ്ക്കാതെ രാജ്യം വിട്ട ഇന്ത്യൻ കമ്പനി ഉടമകൾക്കെതിരെ നടപടിക്ക് യുഎഇയിലെ ചില ബാങ്കുകൾ നീക്കം നടത്തുന്നുണ്ടെങ്കിലും തുക തിരിച്ചുപിടിക്കൽ എളുപ്പമാകില്ലെന്നു സൂചന. എന്നാൽ ഭാവിയിൽ ഇത്തരം കുറ്റകൃത്യങ്ങൾ തടയാനുള്ള നടപടിയെന്ന നിലയിലാണു ബാങ്കുകൾ ഇപ്പോൾ മുന്നോട്ടുനീങ്ങുന്നതെന്നാണു വിവരം.

വായ്പയെടുത്ത് ഇന്ത്യയിലേക്കു മുങ്ങുന്ന കേസുകൾ വർധിക്കുകയും കിട്ടാക്കടം ഏറുകയും ചെയ്ത സാഹചര്യത്തിലാണ് കടുത്ത നടപടികൾ. മുൻപ് ചെറിയ തുക വായ്പയെടുത്തവർക്കെതിരെ കേസുകൾ നൽകാറില്ലായിരുന്നെങ്കിലും ഇനി ഇത്തരക്കാർക്കെതിരെയും സിവിൽ നടപടിക്ക് ആലോചനയുണ്ട്. യുഎഇയിലെ സിവിൽ കോടതി വിധികൾ ഇന്ത്യയിൽ ജില്ലാ കോടതികൾ വഴി നടപ്പാക്കാമെന്ന കേന്ദ്രസർക്കാരിന്റെ കഴിഞ്ഞ മാസത്തെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണു ബാങ്കുകൾ നടപടി തുടങ്ങിയത്.

യുഎഇ ആസ്ഥാനമായ ബാങ്കുകളും അബുദാബി, ദുബായ് എന്നിവിടങ്ങളിൽ ശാഖകളുള്ള ഒൻപതോളം ബാങ്കുകളുമാണ് പണം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നത്. ഇരുകൂട്ടരുടെയും വാദം കേട്ട ശേഷം പ്രഖ്യാപിച്ച വിധികൾ മാത്രമേ ഇന്ത്യയിൽ നടപ്പാക്കാവൂ എന്നാണു വ്യവസ്ഥ. എന്നാൽ, ഇപ്രകാരം വിധി സമ്പാദിച്ചിട്ടുള്ള കേസുകൾ കുറവാണെന്നതാണു ബാങ്കുകൾക്ക് മുന്നിലുള്ള പ്രധാന പ്രശ്‌നം. കേസ് വാദം കേട്ടു തുടങ്ങുന്നതിനു മുമ്പ് രാജ്യം വിട്ടവർക്കെതിരെ നടപടിക്ക് ആവില്ലെന്ന കടമ്പയുണ്ട്. അനധികൃത വഴികളിലൂടെ പണം തിരിച്ചുപിടിക്കാനുള്ള വിദേശ ബാങ്കുകളുടെ ശ്രമം നേരത്തേ കോടതിവിധിയിലൂടെ തടഞ്ഞിരുന്നു.