‘കമോൺകേരളക്ക്’ ഷാർജ എക്‌സപോ സെന്റെറിന്റെ നിറഞ്ഞ വേദിയിൽ പരിസമാപ്തി

റിപ്പോർട്ട് : മുഹമ്മദ് ഖാദർ നവാസ് ഗൽഫിലെ മലയാളികളുടെ മൂന്ന് ദിവസം നീണ്ടു നിന്ന ഉത്സവത്തിനാണ് വിജയകരമായി തിരശീല വീണത്. യു. എ. ഇ സുപ്രീം കൗൺസിൽ അംഗവും
 

റിപ്പോർട്ട് : മുഹമ്മദ് ഖാദർ നവാസ്

ഗൽഫിലെ മലയാളികളുടെ മൂന്ന് ദിവസം നീണ്ടു നിന്ന ഉത്സവത്തിനാണ് വിജയകരമായി തിരശീല വീണത്. യു. എ. ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ഉദ്ഘാടനത്തോടെ ആരംഭിച്ച് മൂന്ന് നാൾ നീണ്ടുനിന്ന മേളയാണ് മലയാളികൾക്ക് മറക്കാനാകാത്ത ഓർമകൾ സമ്മാനിച്ചു കൊണ്ട് പടിയിറങ്ങുന്നത്.

കേരളീയ ഉൽപന്നങ്ങൾക്കും സംരംഭങ്ങൾക്കും ഗൽഫ് വിപണിയിൽ ഇടംകണ്ടെത്താൻ ഉതകുന്ന ചർച്ചകൾക്ക് വേദിയായി. ബിസിനസ് കോൻക്ലേവ്, പ്രോപ്പർട്ടി എക്‌സ്‌പോ, യാത്രാ ഉത്സവം, കുട്ടികളുടേയും കുടുംബങ്ങളുടേയും മത്സരങ്ങൾ ടേസ്റ്റ് ഇന്ത്യ ഭക്ഷ്യമേള
അങ്ങനെ മികവുറ്റതും വൈവിധ്യമാർന്നതുമായ പരിപാടികളായിരുന്നു അണിയിച്ചൊരുക്കിയിരുന്നത്.

ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ, ഷാർജ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് ചെയർമാൻ അബ്ദുള്ള സുൽത്താൻ അൽ ഉവൈസ്, പത്മശ്രീ ഡോ. ആസാദ് മൂപ്പൻ, പി. ബി. അബ്ദുൽ ജബ്ബാർ, മാധ്യമം ചീഫ് എഡിറ്റർ വി. കെ. ഹംസ അബ്ബാസ് തുടങ്ങി പ്രമുഖർ പങ്കെടുത്തു.

കുട്ടികളുടേയും കുടുംബങ്ങളുടേയും ഹൃദയം കവർന്നെടുക്കുന്നതായിരുന്നു രാജ് കലേഷിന്റെ ; കളി,കാര്യം, മാജിക്, പാചകം, വാചകം എന്ന സിങ് ആൻഡ് വിൻ പരിപാടി. മത്സരത്തിൽ സ്ത്രീകളും പുരുഷൻമാരും കുട്ടികളും അടക്കം നിരവധി പേർ പങ്കെടുത്തു. വീട്ടുജോലികളും കുട്ടികളും സ്‌കൂൾ ബസും പകുത്തെടുത്ത് കഴിഞ്ഞാൽ നന്നായി ഒന്നുറങ്ങാൻ പോലും സമയം കിട്ടാത്ത സങ്കടങ്ങൾ പാടി തീർത്താണ് കുടുംബിനികൾ വേദി വിട്ടത്. കർണാടിക്, ഹിന്ദുസ്ഥാനി, അറബ്, പടിഞ്ഞാറൻ ഗാനങ്ങളുടെ പെരുമഴയായിരുന്നു വേദിയിൽ.

രാഗങ്ങളുടേയും ഇശലുകളുടേയും മെഹ്ഫിലുകളുടേയും ഇമ്പമാർന്ന ഈണമുള്ള ഒരു പിടി സൂപ്പർ ഹിറ്റ് ഗാനങ്ങളുമായി കണ്ണൂർ ശരീഫ്, സിത്താര,സൂരജ്, ആൻ ആമി, മിധുൻ ജയരാജും അടങ്ങിയ ടീം പാടി തകർത്തപ്പോൾ ഷാർജ കണ്ട ഏറ്റവും വലിയ ജന പങ്കാളിത്തമുള്ള പരിപാടിയായി കമോൺ കേരള മറുകയായിരുന്നു ഒപ്പം പ്രവാസ കേരളത്തിൽ മലയാളത്തിന്റെ അഭിമാനമായി മാറി ശരീഫ് സിതാര നയിച്ച ഗാനമേള.

സമാപന ദിവസീ മൊബൈൽ ദീപങ്ങളും രുപ രേവതിയുടെ വയലിൻ നാദങ്ങളും ചൊരിഞ്ഞ നിലാവെട്ടത്തിലൂടെ മലയാളത്തിന്റെ സുവർണ നായിക അംബിക കടന്നു വന്നു. പ്രേമഗീതങ്ങളിലെ മനോഹര ഗാനങ്ങളോടെ നിഷാദിന്റെ വരവേൽപ്പ്. രാജലക്ഷ്മിയും മൃദുലയും പാടി കഴിഞ്ഞതോടെ, രമേഷ് പിഷാരടിയെത്തി. ഉല്ലാസ പൂത്തിരികൾക്ക് വിധു പ്രതാപ് തീ കൊളുത്തിയതോടെ മനോഹര ചുവടുകളുമായി അംബിക വേദിനിറഞ്ഞു.
ഒ. എൻ. വിയുടെ ഒരു വട്ടം കൂടിയെൻ ഓർമകൾ മേയുന്ന എന്ന് തുടങ്ങുന്ന പാട്ടിന്റെ വെളിച്ചത്തിലൂടെയാണ് ശാന്തികൃഷ്ണ എത്തിയത്. തകർത്തഭിനയിച്ച ചിത്രങ്ങളിലെ, മലയാളത്തിന്റെ ചുണ്ടുകളിൽ ഇന്നും തത്തികളിക്കുന്ന പാട്ടുകളും രംഗങ്ങളും വേദിനിറഞ്ഞു.


മഞ്ഞിൽ വിരിഞ്ഞ പൂക്കളുടെ വരമ്പത്ത് കൂടി തുമ്പി വാ തുമ്പ കുടത്തിൽ എന്ന ഗാനത്തിന്റെ അകമ്പടിയോടെ പൂർണിമ ഭാഗ്യരാജ് എത്തിയപ്പോൾ സദസ് നിലാവണിഞ്ഞു. സിനിമ ഓർമകളും വിശേഷങ്ങളും തമിഴ് കലർന്ന മലയാളത്തിലെത്തി. തമിഴ്, മലയാളം മെലഡികൾ കൊണ്ട് സുവർണനായികമാർക്ക് ഹൃദയ വന്ദനം നൽകി. ഗൾഫ് മാധ്യമം തീർത്ത കലകളുടെ മഹാപ്രളയത്തിൽ മലയാളികൾ മുങ്ങിത്തപ്പി മുത്തുകളും പവിഴങ്ങളും ചിപ്പികളുമായി സംതൃപ്തിയുടെ തെളിവയോടെ പടിയിറങ്ങി.