100 കടന്ന് ഉള്ളിവില; വിലക്കയറ്റം നിയന്ത്രിക്കാന്‍ തുര്‍ക്കിയില്‍നിന്ന് 11,000 ടണ്‍ ഉള്ളി ഇറക്കുമതി ചെയ്യും

നൂറു രൂപ കടന്ന് ഉള്ളിവില കുതിക്കുമ്പോള് ഇറക്കുമതി കൂട്ടി വില നിയന്ത്രിക്കാന് നീക്കം. ഉള്ളിയുടെ ലഭ്യതക്കുറവും കനത്ത വിലയും മൂലമുള്ള പ്രയാസം രൂക്ഷമാകുന്നതിനിടെയാണ് മെറ്റല്സ് ആന്ഡ് മിനറല്സ്
 

നൂറു രൂപ കടന്ന് ഉള്ളിവില കുതിക്കുമ്പോള്‍ ഇറക്കുമതി കൂട്ടി വില നിയന്ത്രിക്കാന്‍ നീക്കം. ഉള്ളിയുടെ ലഭ്യതക്കുറവും കനത്ത വിലയും മൂലമുള്ള പ്രയാസം രൂക്ഷമാകുന്നതിനിടെയാണ് മെറ്റല്‍സ് ആന്‍ഡ് മിനറല്‍സ് ട്രേഡിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എം.എം.ടി.സി) തുര്‍ക്കിയില്‍നിന്ന് ഉള്ളി ഇറക്കുമതിക്ക് ഒരുങ്ങുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ ആവശ്യപ്രകാരം 11,000 ടണ്‍ ഉള്ളി ഇറക്കുമതി ചെയ്യാനാണ് സര്‍ക്കാര്‍ സ്ഥാപനമായ എം.എം.ടി.സി ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. ഇതിന് പുറമെ ഈജിപ്തില്‍ നിന്ന് 6,090 ടണ്‍ ഉള്ളിയും ഇറക്കുമതി ചെയ്യുന്നുണ്ട്.

ഈജിപ്തില്‍നിന്നുള്ള ഉള്ളി ഡിസംബര്‍ രണ്ടാം വാരത്തോടെ മുംബൈയില്‍ എത്തും. തുര്‍ക്കിയില്‍നിന്നുള്ള ഉള്ളി ജനുവരിയോടെ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലഭ്യതക്കുറവു മൂലം രാജ്യത്ത് എല്ലായിടത്തും ഉള്ളിയുടെ വില കിലോയ്ക്ക് 75-120 രൂപയിലേയ്ക്ക് കുതിച്ചുകയറിയിരുന്നു. ഈ സാഹചര്യത്തില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന് 1.2 ലക്ഷം ടണ്‍ ഉള്ളി വിദേശങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്നതിന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി. ഇന്ത്യയില്‍നിന്ന് ഉള്ളി കയറ്റിയയയ്ക്കുന്നതും സംഭരിച്ചുവയ്ക്കുന്നതും സര്‍ക്കാര്‍ വിലക്കുകയും ചെയ്തിരുന്നു. ഇറക്കുമതി ചെയ്യുന്ന ഉള്ളി 52-55 രൂപയ്ക്ക് വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശിച്ചിട്ടുണ്ട്.