{"vars":{"id": "89527:4990"}}

പ്രായപൂര്‍ത്തിയാകാത്ത മകളെ വിവാഹം ചെയ്യാന്‍ അനുവദിക്കാത്തയാളെ തലക്കടിച്ച് കൊന്നു

 
കുറ്റകൃത്യങ്ങള്‍ പെരുകുന്ന കേരളത്തില്‍ മനസ്സാക്ഷിയെ നാണിപ്പിക്കുന്ന കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുന്നു. പ്രായപൂര്‍ത്തിയാകാത്ത മകളെ വിവാഹം ചെയ്തു കൊടുക്കില്ലെന്ന് പറഞ്ഞ പിതാവിനെ തല്ലക്കടിച്ച് കൊന്നിരിക്കുകയാണ് 31കാരനായ യുവാവ്. തിരുവനന്തപുരം കിളിമാനൂരിലാണ് സംഭവം. മകളെ വിവാഹം ചെയ്തുനല്‍കണമെന്ന ആവശ്യം നിരസിച്ചതിന്റെ പേരില്‍ 42കാരനായ ബിജുവിനെ രാജീവ് കൊലപ്പെടുത്തുകയായിരുന്നു. ക്രൂരമായി മര്‍ദിച്ച ബിജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ബിജുവിന്റെ വീട്ടിലെത്തിയ രാജീവ്, അദ്ദേഹത്തിന്റെ മകളെ വിവാഹം ചെയ്തു കൊടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പെണ്‍കുട്ടിയുമായി ഏറെക്കാലമായി പ്രണയത്തിലാണെന്നും രാജീവ് പറഞ്ഞു. എന്നാല്‍, രാജീവിന്റെ ആവശ്യം ബിജു നിരാകരിച്ചു. മകള്‍ക്ക് പ്രായപൂര്‍ത്തിയായില്ലെന്ന കാര്യവും പറഞ്ഞു.തുടര്‍ന്ന് ബിജുവും രാജീവും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ബിജുവിന്റെ തലയില്‍ രാജീവ് കല്ലുകൊണ്ട് ഇടിക്കുകയും ചെയ്‌തെന്ന് പോലീസ് പറഞ്ഞു. രാജീവിനെ പിന്നീട് പോലീസ് പിടികൂടി.