ജഡ്ജിയുടെ പേരിൽ അഭിഭാഷകൻ സൈബി വാങ്ങിയത് 72 ലക്ഷം രൂപ; ഗുരുതര കണ്ടെത്തൽ
 

 

ജഡ്ജിക്ക് നൽകാനെന്ന വ്യാജേന സിനിമാ നിർമാതാവിൽ നിന്ന് കോഴ വാങ്ങിയ സംഭവത്തിൽ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരെ ഗുരുതര കണ്ടെത്തൽ. മൂന്ന് ജഡ്ജിമാരുടെ പേരിൽ സൈബി വൻ തോതിൽ പണം കൈപ്പറ്റിയെന്ന് ഹൈക്കോടതി വിജിലൻസ് കണ്ടെത്തി. ഒരു ജഡ്ജിയുടെ പേരിൽ മാത്രം 50 ലക്ഷമാണ് വാങ്ങിയത്. 

72 ലക്ഷം കൈപ്പറ്റിയെന്ന് അഭിഭാഷകർ മൊഴി നൽകിയിട്ടുണ്ട്. നാല് അഭിഭാഷകരാണ് വിജിലൻസ് വിഭാഗത്തിന് മൊഴി നൽകിയത്. പീഡനക്കേസിൽ നിർമാതാവിന് ചെലവായത് 25 ലക്ഷം രൂപയാണ്. 15 ലക്ഷം സൈബി ഫീസായി വാങ്ങി. അഞ്ച് ലക്ഷം കുറയ്ക്കാൻ ആകുമോയെന്ന് ചോദിച്ചപ്പോൾ ജഡ്ജിന് കുറച്ചു കൂടുതൽ പൈസ കൊടുക്കേണ്ടതുണ്ടെന്ന് സൈബി പറഞ്ഞുവെന്നും മൊഴി ലഭിച്ചിട്ടുണ്ട്. 

സൈബിക്കെതിരെ അഡ്വക്കേറ്റ് ആക്ട് പ്രകാരം നടപടി സ്വീകരിക്കാനാണ് വിജിലൻസ് നിർദേശം. കോടതിയലക്ഷ്യ നടപടിയും സ്വീകരിക്കാവുന്നതാണ്. അച്ചടക്ക നടപടി സ്വീകരിക്കാൻ ബാർ കൗൺസിലിന് ശുപാർശ ചെയ്യാമെന്ന് ഹൈക്കോടതി വിജിലൻസ് വിഭാഗം അറിയിച്ചിട്ടുണ്ട്.