പറമ്പിക്കുളം ഡാമിന്റെ ഒരു ഷട്ടർ താനേ ഉയർന്നു; ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയർന്നു
 

 

പറമ്പിക്കുളം ഡാമിന്റെ ഷട്ടർ തകരാറിലായി. ഉയർത്തി വെച്ചിരുന്ന മൂന്ന് ഷട്ടറുകളിൽ ഒന്ന് താനെ കൂടുതൽ ഉയർന്നു. മൂന്ന് ഷട്ടറുകളിൽ മധ്യഭാഗത്തുള്ള ഷട്ടറിനാണ് സാങ്കേതിക തകരാർ സംഭവിച്ചത്. ഇതോടെ ഒഴുകുന്ന ജലത്തിന്റെ അളവും വർധിച്ചു. 

പെരിങ്ങൽക്കുത്ത് ഡാമിലേക്ക് 20,000ഘനയടി വെള്ളം ഒഴുകി എത്തുന്നുണ്ട്. ചാലക്കുടി പുഴയിൽ കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പുഴയുടെ തീരത്ത് താമസിക്കുന്നവരെ ഒഴുക്ക് ബാധിക്കില്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്. പുഴയിൽ ഇറങ്ങുന്നത് നിരോധിച്ചു. 

ഒന്നര മീറ്റർ ഉണ്ടായിരുന്ന പുഴയിലെ വെള്ളം നാലര മീറ്റർ വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. കടവുകളെല്ലാം പോലീസ് അടച്ചു. പറമ്പിക്കുളത്തിൽ നിന്ന് കൂടുതൽ വെള്ളം എത്തിയതോടെ പെരിങ്ങൽക്കുത്തിന്റെ നാല് ഷട്ടറുകൾ ഘട്ടംഘട്ടമായി തുറക്കേണ്ടി വന്നിരുന്നു. ഇതോടെയാണ് ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയർന്നത്.