നല്ല സഖ്യമില്ലെന്നതാണ് കേരളത്തിലെ ബിജെപിയുടെ പോരായ്മ; സാമുദായിക ധ്രുവീകരണവും നടക്കില്ല: കെ സുരേന്ദ്രൻ
 

 

കരുത്തുറ്റ സഖ്യം ഉണ്ടാക്കാൻ കഴിയുന്നില്ലയെന്നതാണ് കേരളത്തിൽ ബിജെപിയുടെ പോരായ്മയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ന്യൂനപക്ഷ സമുദായങ്ങളുടെ പിന്തുണയില്ലയെന്നതാണ് മറ്റൊരു പ്രതിസന്ധി. ന്യൂനപക്ഷത്തിന്റെ പിന്തുണ ലഭിച്ചില്ലെങ്കിൽ ബിജെപിയുടെ പ്രതീക്ഷ അസ്ഥാനത്താവും. സാമുദായിക ധ്രുവീകരണം ഉണ്ടാവുകയെന്നതാണ് മറ്റൊരു സാധ്യത. എന്നാൽ കേരളത്തിൽ അത് സാധ്യമല്ല. അതിനാൽ ഞങ്ങൾ സഖ്യസാധ്യതകൾ തേടുകയാണ്. 

ഒപ്പം ന്യൂനപക്ഷത്തെ ആകർഷിക്കാനുള്ള ശ്രമവും നടത്തുന്നു. അത് മുഖ്യമായും ക്രിസ്ത്യൻ വിഭാഗത്തെ ആകർഷിക്കുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കൂടുതൽ രാഷ്ട്രങ്ങൾ ഇസ്ലാമികമാവുന്നതിനാൽ ക്രിസ്ത്യാനികൾ അരക്ഷിതാവസ്ഥയിലാണെന്നും കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. കേരളത്തിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സാന്നിധ്യം ക്രിസ്ത്യൻ സമുദായത്തിനിടയിൽ ആശങ്ക ഉയർത്തിയിരുന്നു. പിഎഫ്ഐ നിരോധനത്തിൽ ഹിന്ദുക്കളേക്കാൾ ആഹ്ലാദിക്കുന്നത് ക്രിസ്ത്യാനികളാണ്. 

പിഎഫ്ഐ നിരോധനം ക്രിസ്ത്യാനികളുടെ ആത്മവിശ്വാസം വർധിപ്പിച്ചു. ദേശീയതലത്തിലോ കേരളത്തിലോ കോൺഗ്രസിന് ഭാവിയില്ലെന്നും ക്രിസ്ത്യൻ വിഭാഗം കരുതുന്നു. ഇത് ബിജെപിക്കും ക്രിസ്ത്യാനികൾക്കും ഇടയിൽ സംവാദത്തിനുള്ള ഇടം ഒരുക്കുകയാണെന്നും സുരേന്ദ്രൻ കൂട്ടിചേർത്തു.