സജി ചെറിയാനെ മന്ത്രിയാക്കാനുള്ള തീരുമാനം അധാർമികം, വിഷയം കോടതിയുടെ പരിഗണനയിൽ: സതീശൻ
 

 

സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള തീരുമാനം അധാർമികമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സജി ചെറിയാന്റെ പ്രസംഗം ഭരണഘടനാവിരുദ്ധമാണ്. ആ സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. കേസിൽ വിജിലൻസ് അന്വേഷണം തൃപ്തികരമല്ല. മുഖ്യമന്ത്രി റിപ്പോർട്ടിൽ കൈ കടത്തിയെന്നും സതീശൻ ആരോപിച്ചു

വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണ്. കോടതി കുറ്റവിമുക്തനാക്കാതെ സജി ചെറിയാനെ മന്ത്രിയാക്കരുത്. കേസിൽ ജുഡീഷ്യൽ നടപടി പൂർണമായിട്ടില്ല. ഭരണഘടനയെ വിമർശിക്കാമെങ്കിൽ എന്തിനാണ് സജി ചെറിയാന്റെ രാജി സ്വീകരിച്ചതെന്നും എംവി ഗോവിന്ദന് മറുപടിയായി സതീശൻ ചോദിച്ചു. 

സജി ചെറിയാന്റെ പ്രസംഗം ഭരണഘടനാ വിരുദ്ധമാണോ വിമർശനമാണോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്, എംവി ഗോവിന്ദൻ അല്ല. വിചാരധാരക്ക് സമാനമായ അഭിപ്രായമാണത്. സിപിഎം ഗോൾവാൾക്കറെ അംഗീകരിക്കുന്നുണ്ടോയെന്ന് എംവി ഗോവിന്ദൻ പറയണമെന്നും സതീശൻ ആവശ്യപ്പെട്ടു.