പടയപ്പയെ പ്രകോപിപ്പിച്ചാൽ ജാമ്യമില്ലാ കുറ്റം ചുമത്തും; കടുത്ത നടപടിയുമായി വനംവകുപ്പ്
 

 

മൂന്നാറിൽ പടയപ്പ എന്ന കാട്ടാനയെ പ്രകോപിപ്പിക്കുന്നവർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്താൻ വനംവകുപ്പിന്റെ തീരുമാനം. പടയപ്പയെ കാണിക്കാമെന്ന് വാഗ്ദാനം ചെയ്ത് ടൂറിസ്റ്റുകളെ റിസോർട്ടുകാരും ടാക്‌സിക്കാരും ആകർഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇതേ രീതിയിൽ ആളുകളെ കൊണ്ടുപോയി കാട്ടാനയെ പ്രകോപിപ്പിച്ച ടാക്‌സി കസ്റ്റഡിയിലെടുക്കാൻ മൂന്നാർ ഡി എഫ് ഒ നിർദേശം നൽകി

മൂന്നാറിൽ ടൂറിസത്തിന്റെ മറവിൽ മൃഗങ്ങളെ പ്രകോപിപ്പിക്കുന്നവർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ് രംഗത്തുവന്നിരുന്നു. സംഭവത്തിന്റെ ഗൗരവം വിനോദ സഞ്ചാര വകുപ്പിനെയും വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. പടയപ്പയെ പ്രകോപിപ്പിക്കുന്നവരുടെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു

ആനയുടെ മുന്നിലെത്തി വാഹനം ഇരമ്പിച്ചും ഹോൺ അടിച്ചുമാണ് പ്രകോപിപ്പിക്കുന്നത്. മൂന്നാറിൽ മാട്ടുപെട്ടിയിലും പരിസരത്തും സാധാരണ ഇറങ്ങാറുള്ള ആനയാണ് പടയപ്പ. രണ്ട് മാസം മുമ്പ് വരെ പടയപ്പ കാര്യമായ പ്രശ്‌നങ്ങളൊന്നുമുണ്ടാക്കിയിരുന്നില്ല. എന്നാൽ ആനയെ പ്രകോപിപ്പിക്കുന്ന തരത്തിൽ ആളുകൾ പെരുമാറിയതോടെ ആന ആക്രമണ സ്വഭാവം കാണിച്ചു തുടങ്ങുകയായിരുന്നു.