പച്ചമുട്ട ഉപയോഗിച്ചുണ്ടാക്കുന്ന മയോണൈസ് സംസ്ഥാനത്ത് നിരോധിച്ച് ഉത്തരവിറങ്ങി
 

 

സംസ്ഥാനത്ത് പച്ചമുട്ട  കൊണ്ടുണ്ടാക്കുന്ന മയോണൈസ് ഉത്പാദനം, സംഭരണം, വിതരണം എന്ന നിരോധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉത്തരവിറക്കി. എഫ്എസ്എസ്എ ആക്ട് പ്രകാരം അടിയന്തര പ്രാധാന്യത്തോടെയാണ് ഉത്തരവ് പുറത്തിറക്കിയത്. സമയബന്ധിതമായി ഉപയോഗിച്ചില്ലെങ്കിൽ പച്ചമുട്ട കൊണ്ടുണ്ടാക്കിയ മയോണൈസ് ഏറെ അപകടമാണെന്ന് കണ്ടെത്തിയിരുന്നു

ഹോട്ടൽ, റസ്‌റ്റോറന്റ്, ബേക്കറി, വഴിയോര കച്ചവടക്കാർ, കാറ്ററിംഗ് മേഖലകളിലെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ പച്ച മുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് ഒഴിവാക്കാൻ സർക്കാർ പിന്തുണ തേടിയിരുന്നു. പിന്നാലെയാണ് അടിയന്തരമായി ഉത്തരവിറക്കിയത്.

ശരിയായ രീതിയിൽ പാസ്ചറൈസ് ചെയ്യാതെ മയോണൈസ് ഉണ്ടാക്കി സൂക്ഷിച്ചാൽ സാൽമൊണെല്ലാ ബാക്ടീരിയ പെരുകാനും രോഗബാധയുണ്ടാക്കാനും സാധ്യതയുണ്ട്. ആരോഗ്യമുള്ള ആളെ പോലും ഇത് ബാധിക്കും.