വോട്ടുപെട്ടി കാണാതായത് അതീവ ഗുരുതരം; തിരികെ ഉദ്യോഗസ്ഥർക്ക് നൽകാനാകില്ലെന്ന് ഹൈക്കോടതി
 

 

പെരിന്തൽമണ്ണയിലെ വോട്ടുപെട്ടി കാണാതായ സംഭവം അതീവ ഗുരുതരമെന്ന് ഹൈക്കോടതി. നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനെതിരായി ഇടതുപക്ഷ സ്ഥാനാർഥി കെപിഎം മുസ്തഫ നൽകിയ ഹർജിയിൽ വാദം കേൾക്കുകയായിരുന്നു ഹൈക്കോടതി. കേസിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ ഹൈക്കോടതി കക്ഷി ചേർത്തു. കേസ് ജനുവരി 3ന് വീണ്ടും പരിഗണിക്കും

ബാലറ്റുകൾ കാണാതായത് കോടതിയുടെ മേൽനോട്ടത്തിലോ തെരഞ്ഞെടുപ്പ് കമ്മീഷനോ അന്വേഷിക്കണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടു. ബാലറ്റുകൾ ഉദ്യോഗസ്ഥർക്ക് തിരികെ നൽകാനാകില്ലെന്ന് കോടതിയും വ്യക്തമാക്കി. ബാലറ്റുകൾ ഹൈക്കോടതിയുടെ കസ്റ്റഡിയിൽ സൂക്ഷിക്കാനാണ് തീരുമാനം

പെരിന്തൽമണ്ണ സബ് ട്രഷറിയിലായിരുന്നു 348 സ്‌പെഷ്യൽ തപാൽ വോട്ടുകളടങ്ങിയ പെട്ടി സൂക്ഷിച്ചിരുന്നത്. പെട്ടികളിലൊന്ന് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ മലപ്പുറം സഹകരണ ജോയിന്റ് രജിസ്ട്രാർ ഓഫീസിലേക്ക് മാറ്റി. സ്‌പെഷ്യൽ തപാൽ വോട്ടുകൾ ഹൈക്കോടതിയുടെ സംരക്ഷണയിലേക്ക് മാറ്റാനായി ഇന്നലെ ഉദ്യോഗസ്ഥരെത്തിയപ്പോഴാണ് ഇക്കാര്യം റിട്ടേണിംഗ് ഓഫീസർ തന്നെ അറിഞ്ഞത്.