അലൻ ഷുഹൈബ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചെന്ന് പോലീസ്; കോടതിയിൽ റിപ്പോർട്ട് നൽകി

 

പന്തീരാങ്കാവ് യു.എ.പി.എ കേസിൽ പ്രതിയായ അലൻ ഷുഹൈബ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചതായി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. കണ്ണൂർ പാലയാട് ലോ കോളജ് കാമ്പസിൽ റാഗിങ് നടത്തിയെന്ന എസ്.എഫ്.ഐയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിനെ തുടർന്നാണ് നടപടി. അലൻ ജാമ്യവ്യവസ്ഥ ലംഘിച്ചെന്നുകാട്ടി പന്നിയങ്കര എസ്.എച്ച്.ഒ കെ. ശംഭുനാഥാണ് കൊച്ചി എൻ.ഐ.എ കോടതിയിൽ റിപ്പോർട്ട് നൽകിയത്. 

യു.എ.പി.എ കേസിൽ ജാമ്യത്തിലുള്ള അലൻ ജാമ്യവ്യവസ്ഥകൾ ലംഘിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനുള്ള ചുമതല നേരത്തെ കോടതി പന്നിയങ്കര പൊലീസിന് നൽകിയിരുന്നു. ഏതെങ്കിലും ക്രിമിനൽ കേസിൽ ഉൾപ്പെട്ടാൽ അത് റിപ്പോർട്ട് ചെയ്യാനുള്ള ചുമതല തനിക്കാണെന്നും അതിനാലാണ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചുവെന്നുകാട്ടി റിപ്പോർട്ട് നൽകിയതെന്നും എസ് എച്ച് ഒ പറഞ്ഞു.

എൻ.ഐ.എ കോടതിയുടെ ജാമ്യവ്യവസ്ഥകൾ പ്രകാരം ഏതെങ്കിലും കേസിൽ ഉൾപ്പെടുകയോ മാവോവാദി ആശയങ്ങൾ പ്രചരിപ്പിക്കുകയോ അത്തരം പരിപാടികളിൽ പങ്കെടുക്കുകയോ ചെയ്യരുത്. എന്നാൽ എസ്.എഫ്.ഐയുടെ പരാതിയിൽ ധർമടം പൊലീസ് സ്റ്റേഷനിൽ അലനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.