വയനാട്, കാസർകോട് മെഡിക്കൽ കോളജുകളിൽ പരിമിതികളുണ്ട്; പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി
 

 

വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിലും കാസർകോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പരിമിതികൾ ഏറെയുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. വയനാട് ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളജ് ആക്കി മാറ്റിയതാണ്. അവിടെ ഇപ്പോഴും ആരോഗ്യ വകുപ്പിലെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെയും ഡോക്ടർമാരുണ്ട്. കൂടുതൽ ഡോക്ടർമാരെ നിയമിക്കേണ്ടതുണ്ട്. അതിനായി തസ്തിക സൃഷ്ടിക്കണം. എന്നാൽ കത്ത് ലാബ് അടക്കം സജ്ജീകരിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 

കാസർകോട് മെഡിക്കൽ കോളജിൽ നിർമാണം നിലച്ച അവസ്ഥയായിരുന്നു. കരാറുകാരന് പണം കൊടുക്കാനുണ്ടായിരുന്നു. യുഡിഎഫിന്റെ കാലത്താണ് പണം കൊടുക്കാത്ത അവസ്ഥയുണ്ടായത്. ഇപ്പോൾ മൂന്നര കോടി നൽകാനുള്ള നടപടി പൂർത്തിയായി. ടെൻഡർ നടപടികൾ തുടങ്ങി. കിഫ്ബിയിൽ നിന്ന് 160 കോടി രൂപ ആശുപത്രി നിർമാണത്തിനായി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.