12 മണിക്കൂറുകൾ നീണ്ട പരിശ്രമം; പത്തനംതിട്ട ചിറ്റാറിൽ കിണറ്റിൽ വീണ കടുവയെ പുറത്തെടുത്തു
പത്തനംതിട്ട ചിറ്റാറിൽ കിണറ്റിൽ വീണ കടുവയെ പുറത്തെടുത്തു. വില്ലൂന്നിപ്പാറയിലെ കിണറ്റിൽ ഇന്ന് രാവിലെയാണ് കടുവ വീണത്. 12 മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് കടുവയെ പുറത്തെത്തിച്ചത്. കടുവയെ മയക്കുവെടി വെച്ചതായാണ് വിവരം. തുടർന്ന് വല ഉപയോഗിച്ച് കുരുക്കി പുറത്തേക്ക് എടുക്കുകയായിരുന്നു.
കടുവക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ല. രണ്ട് മുതൽ മൂന്ന് വയസ് വരെ പ്രായം തോന്നിക്കുന്ന കടുവയാണ് കിണറ്റിൽ വീണത്. മറ്റ് കടുവകളുമായി കാട്ടിലുണ്ടായ പ്രശ്‌നത്തെ തുടർന്ന് ജനവാസമേഖലയിലേക്ക് ഇറങ്ങിയത് ആകാം, ഇര പിടിക്കാൻ വേണ്ടിയത് അല്ലെന്ന് ഡിഎഫ്ഒ പറഞ്ഞു.
കടുവയെ എങ്ങോട്ട് മാറ്റുമെന്ന കാര്യത്തിൽ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും ഡിഎഫ്ഒ അറിയിച്ചു. രാവിലെ അഞ്ച് മണിക്കാണ് കടുവ കിണറ്റിൽ വീണത്. വലിയ ശബ്ദം കേട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കടുവയെ കണ്ടത്. വീടിനോടു ചേർന്നുള്ള പറമ്പിലെ കിണറ്റിലാണ് കടുവയെ കണ്ടത്.