കെഎസ്ആർടിസി പാക്കേജിൽ ഗവിക്ക് പോയ 38 അംഗ സംഘം വനത്തിൽ കുടുങ്ങി; പകരം പോയ ബസും തകരാറിലായി
Apr 17, 2025, 17:22 IST
കെഎസ്ആർടിസി പാക്കേജിൽ ഗവിയിലേക്ക് യാത്ര പോയ 38 അംഗ സംഘം വനത്തിൽ കുടുങ്ങി. ബസ് കേടായതിനെ തുടർന്നാണ് യാത്രക്കാർ വനത്തിൽ കുടുങ്ങിയത്. രാവിലെ 11 മണിക്ക് ബസ് കേടായത് അറിയിച്ചിട്ടും പകരം ബസ് ഇതുവരെയും എത്തിയില്ലെന്ന് യാത്രക്കാർ പറയുന്നു ചടയമംഗലത്ത് നിന്ന് യാത്ര പോയവരാണ് മൂഴിയാർ വനത്തിൽ കുടുങ്ങിയത്. ഇവരെ രക്ഷിക്കാനായി പകരം അയച്ച ബസും തകരാറിലായി വനത്തിൽ കുടുങ്ങിയതോടെ യാത്രക്കാർ പ്രതിസന്ധിയിലായി. രോഗികളും കുട്ടികളുമടക്കമുള്ളവർ ആവശ്യത്തിന് ഭക്ഷണവും വെള്ളവുമില്ലാതെയാണ് മണിക്കൂറുകളായി കാട്ടിൽ കുടുങ്ങിയത് പ്രദേശത്ത് കനത്ത മൂടൽ മഞ്ഞുണ്ടെന്നും ആനയുടെ ചിന്നം വിളി കേട്ടെന്നും യാത്രക്കാർ പറഞ്ഞു. മൂന്ന് മണിയോടെയാണ് ആദ്യം തകരാറിലായ ബസിന് പകരം മറ്റൊരു ബസ് വന്നത്. എല്ലാവർക്കും യാത്ര ചെയ്യാൻ സൗകര്യമില്ലായിരുന്നുവെങ്കിലും ഇതിൽ യാത്ര തുടരുകയായിരുന്നു. എന്നാൽ ഇതിന്റെ ക്ലച്ചും തകരാറിലായി.