{"vars":{"id": "89527:4990"}}

നാഡിയിൽ കടിയേറ്റത് വൈറസ് തലച്ചോറിലെത്താൻ കാരണമായി; നിയയുടെ മരണത്തിൽ അധികൃതർ

 
പേ വിഷബാധക്ക് വാക്‌സിൻ എടുത്തിട്ടും കൊല്ലം സ്വദേശിയായ ഏഴ് വയസുകാരി മരിക്കാനിടയായ സംഭവത്തിൽ വിശദീകരണവുമായി ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ. വാക്‌സിൻ ഫലപ്രദമാകും മുമ്പേ വൈറസ് തലച്ചോറിനെ ബാധിച്ചതാകാം പേവിഷ ബാധയേറ്റ കുട്ടി മരിക്കാനിടയാക്കിയതെന്ന് കരുതുന്നതായി ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ പറഞ്ഞു. എസ്എടി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് നിയ ഫൈസൽ എന്ന ഏഴു വയസുകാരി മരിച്ചത് നായയുടെ കടിയേറ്റ് നിയക്ക് ആഴത്തിലുള്ള മുറിവാണ് സംഭവിച്ചത്. നായയുടെ പല്ല് നാഡിയിൽ പതിച്ചതാകാം വൈറസ് തലച്ചോറിൽ എത്താൻ കാരണമെന്നും ഡിഎംഇയും എസ്എടി സൂപ്രണ്ട് ഡോ. എസ് ബിന്ദുവും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വാക്‌സിൻ ആന്റി ബോഡി ഫലപ്രദമാകുന്നതിന് മുൻപ് തന്നെ വൈറസുകൾ തലച്ചോറിനെ ബാധിക്കാനും രോഗാവസ്ഥയിലേക്ക് പോകാനും സാധ്യതയുണ്ട്. കുട്ടിക്ക് സംഭവിച്ചത് ഇതാകാം. നാഡിയിൽ വൈറസ് കയറി കഴിഞ്ഞാൽ വാക്‌സിന്റെ ഗുണം ലഭിക്കുന്നതിന് മുൻപ് തന്നെ ഇത് തലച്ചോറിൽ എത്താം. റാബിസ് വൈറസ് നാഡി വഴി തലച്ചോറിലും നട്ടെല്ലിലും എത്തുന്ന വൈറസ് ആണ്. മുഖം, കഴുത്ത്, കൈ എന്നിവിടങ്ങൾ നാഡിയുടെ സാന്ദ്രത കൂടിയ സ്ഥലങ്ങളാണ്. ഇവിടെ നായയുടെ ആക്രമണം ഉണ്ടായാൽ നേരിട്ട് നാഡിയിൽ കടി കിട്ടാനുള്ള സാധ്യതയുണ്ടെന്നും ഇവർ അറിയിച്ചു.