പോലീസിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; സിപിഎം സ്ഥാനാർഥിയടക്കം 2 പേർക്ക് 20 വർഷം തടവ്
Nov 25, 2025, 12:30 IST
പയ്യന്നൂരിൽ പോലീസിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ സിപിഎം സ്ഥാനാർഥിയടക്കം രണ്ട് പേർക്ക് 20 വർഷം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ. പയ്യന്നൂർ നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിയും ഡിവൈഎഫ്‌ഐ നേതാവുമായ വികെ നിഷാദ്, അന്നൂരിലെ ടിസിവി നന്ദകുമാർ എന്നിവരെയാണ് ശിക്ഷിച്ചത്.
വിവധ വകുപ്പുകളിലായാണ് ശിക്ഷ. എന്നാൽ ഇരുവരും പത്ത് വർഷം ശിക്ഷ അനുഭവിച്ചാൽ മതി. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. കേസിൽ ഇരുവരും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. മറ്റ് രണ്ട് പ്രതികളെ കോടതി വെറുതെവിട്ടു
2012 ഓഗസ്റ്റ് ഒന്നിനായിരുന്നു സംഭവം. അരിയിൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് പി ജയരാജനെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിനിടെയാണ് ബോംബേറുണ്ടായത്.