ഡോക്ടറെ ആക്രമിച്ച സനൂപിനായി കസ്റ്റഡി അപേക്ഷ നൽകും; താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഇന്നും പണിമുടക്ക്
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ വെട്ടി പരുക്കേൽപ്പിച്ച കേസിൽ പ്രതി സനൂപിനായി പോലീസ് കസ്റ്റഡി അപേക്ഷ നൽകും. അടുത്ത ദിവസം തന്നെ താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ സമർപ്പിക്കാനാണ് നീക്കം. തെളിവെടുപ്പ് പൂർത്തിയായെങ്കിലും ആക്രമണവുമായി ബന്ധപ്പെട്ട് പ്രതിയെ കൂടുതൽ ചോദ്യം ചെയ്യണമെന്നാണ് പോലീസ് പറയുന്നത്.
അതേസമയം താമരശ്ശേരി ആശുപത്രിയിൽ ആരോഗ്യ പ്രവർത്തകർ ഇന്നും പണി മുടക്കും. അത്യാഹിത വിഭാഗത്തിലും ഡോക്ടർമാരുടെ സേവനമുണ്ടാകില്ല. ക്യാഷ്യാലിറ്റിയിൽ അതീവ ഗുരുതരാവസ്ഥയിൽ ഉള്ളവർക്ക് മാത്രം ചികിത്സ നൽകുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.
താമരശ്ശേരി ആശുപത്രിയിലെ ഡോക്ടർ വിപിനെയാണ് സനൂപ് ആക്രമിച്ചത്. തലയ്ക്ക് വെട്ടേറ്റ വിപിൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒമ്പത് വയസുകാരി അനയയുടെ പിതാവാണ് പ്രതിയായ സനൂപ്.