{"vars":{"id": "89527:4990"}}

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; പുലർച്ചെയുണ്ടായ അപകടത്തിൽ ആളപായമില്ല

 

ഇടുക്കി: ജില്ലയിലെ പാമ്പനാറിൽ ദേശീയപാതയ്ക്ക് സമീപം നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം പൂർണ്ണമായും തകർന്നു വീണു. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. പുലർച്ചയായതിനാലും കെട്ടിടത്തിനുള്ളിൽ തൊഴിലാളികൾ ആരും ഇല്ലാതിരുന്നതിനാലും വൻ ജീവഹാനിയാണ് അത്ഭുതകരമായി ഒഴിവായത്. പാമ്പനാർ സ്വദേശി ആഗ്നൽ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ബഹുനില കെട്ടിടം.

​ദേശീയപാതയോട് ചേർന്നുള്ള സ്ഥലത്ത് കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഈ കെട്ടിടത്തിന്റെ നിർമ്മാണ ജോലികൾ നടന്നു വരികയായിരുന്നു. അഞ്ച് നിലകളുള്ള കെട്ടിടത്തിന്റെ മൂന്ന് നിലകളിൽ പില്ലറുകളും ബീമുകളും മാത്രമാണ് ഉണ്ടായിരുന്നത്. മുകളിലത്തെ രണ്ട് നിലകളുടെ കോൺക്രീറ്റിങ് ജോലികൾ മാത്രമാണ് പൂർത്തിയായിരുന്നത്.

അപകട കാരണം:

നിർമ്മാണത്തിലുണ്ടായ ഗുരുതരമായ അപാകതകളും ഗുണനിലവാരമില്ലായ്മയുമാണ് കെട്ടിടം തകരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടാതെ, ദേശീയപാതയിൽ നിന്നും അകലം പാലിക്കുന്നതിനായി കെട്ടിടത്തിനും റോഡിനും ഇടയിൽ നിർമ്മിച്ച കൽക്കെട്ടിൽ മണ്ണ് നിറച്ചിരുന്നു. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ ഈ മണ്ണിലേക്ക് വെള്ളം ഇറങ്ങുകയും, തുടർന്ന് കൽക്കെട്ട് ഇടിഞ്ഞ് കെട്ടിടത്തിന്റെ പില്ലറുകളിലേക്ക് പതിച്ചതുമാണ് പെട്ടെന്നുള്ള തകർച്ചയ്ക്ക് കാരണമായതെന്നാണ് നാട്ടുകാർ പറയുന്നത്.

​കെട്ടിടം തകരുന്ന വലിയ ശബ്ദം കേട്ടാണ് സമീപവാസികൾ ഓടിയെത്തിയത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താൻ ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് പരിശോധന നടത്തി. സംഭവത്തിൽ റവന്യൂ അധികൃതരും പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിർമ്മാണ അനുമതിയുമായി ബന്ധപ്പെട്ട രേഖകളും സുരക്ഷാ മാനദണ്ഡങ്ങളും പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.