സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സമ്പൂർണ യോഗം ഇന്ന് നടക്കും
 

 

സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സമ്പൂർണ യോഗം ഇന്ന്. പ്രവേശനോത്സവം, എസ്എസ്എൽസി, പ്ലസ് ടു ഫലങ്ങൾ തുടങ്ങി വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകും. മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ വിദ്യാഭ്യാസ വകുപ്പിലെ എല്ലാ പ്രധാന ഉദ്യോഗസ്ഥരും പങ്കെടുക്കും.

തിരുവനന്തപുരം ശിക്ഷക് സദനിൽ രാവിലെ 10:30നാണ് യോഗം ചേരുന്നത്. യോഗത്തിൽ പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി, ഡയറക്ടർ, എഇഒ, ഡിഇഒ, ഡിഡിഇ, ആർഡിഡി തലം വരെയുള്ള ഉദ്യോഗസ്ഥർ പങ്കെടുക്കും. അധ്യാപക സംഘടന പ്രതിനിധികളുടെ പങ്കാളിത്തവും ഉറപ്പാക്കും.

വേനലവധിക്ക് ശേഷം ജൂൺ ഒന്നിന് തന്നെ സ്‌കൂൾ തുറക്കുമെന്ന് മന്ത്രി അറിയിച്ചിരുന്നു. ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 20 ന് പ്രസിദ്ധീകരിക്കും. മെയ് 25 നാണ് പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിക്കുക.