{"vars":{"id": "89527:4990"}}

സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം മെയ് 23 ന്; രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും

 

സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം മെയ് 23 ന്. എസ്പി റാങ്ക് മുതൽ മുകളിലോട്ടുള്ള മുഴുവൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും യോഗമാണ് ശനിയാഴ്ച പൊലീസ് ആസ്ഥാനത്ത് നടക്കുക. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായി ചുമലയേറ്റ ശേഷമുള്ള ആദ്യത്തെ ഉന്നതതല യോഗമാണ് ഇത്. യോഗത്തിൽ രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും. അതേസമയം മുൻ ഡിജിപി എ ഹേമചന്ദ്രൻ പൊലീസ് ഉപദേഷ്ടാവാകും.

ആഭ്യന്തരമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവായാണ് നിയമനം. ഉത്തരവ് ഉടൻ പുറത്തിറങ്ങും. മന്ത്രിമാരിലെ സീനിയർ മുഖമായ രമേശ് ചെന്നിത്തലയ്ക്കിത് മന്ത്രിപദവിയിലെ മൂന്നാമൂഴമാണ്. രണ്ടാംവട്ടമാണ് ആഭ്യന്തര വകുപ്പിന്‍റെ തലപ്പത്തേക്ക് എത്തുന്നത്. ആഭ്യന്തരവും വിജിലൻസുമാണ് രമേശ് ചെന്നിത്തലയുടെ വകുപ്പുകൾ. 2011ലെ ഉമ്മൻ ചാണ്ടി സർക്കാരിൽ അവസാന ഒരു വർഷം ആഭ്യന്തര മന്ത്രിയായിരുന്നു ചെന്നിത്തല. 86ൽ മുപ്പതാം വയസ്സിൽ കരുണാകരൻ സർക്കാരിൽ മന്ത്രിയായ നേതാവ് കൂടിയാണ് രമേശ് ചെന്നിത്തല.