{"vars":{"id": "89527:4990"}}

ഒറ്റ ഫോൺകോൾ; ബാങ്ക് അക്കൗണ്ട് ശൂന്യം: യുവാവിന് നഷ്ടമായത് 3 ലക്ഷം രൂപ

 

കൊച്ചി: ട്രെയിനിൽ സഞ്ചരിക്കുന്നതിനിടെ വന്ന ഒരു ഫോൺ കോൾ എടുത്തതിന് പിന്നാലെ മരട് സ്വദേശി മാർട്ടിൻ മാനുവലിന് നഷ്ടമായത് മൂന്നുലക്ഷം രൂപ. വായ്പ എടുത്ത പണം കൊണ്ട് ഇന്നോവ കാർ വാങ്ങാനായി ഡൽഹിയിലേക്ക് പോകും വഴിയാണ് സൈബർ തട്ടിപ്പിന് ഇരയായത്. സൈബർ പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണത്തിൽ ഇതുവരെ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ഞാൻ ഒരു സാധാരണക്കാരനായ ഡ്രൈവറാണ്. പണയം വെച്ചും കടമെടുത്തുമാണ് കാർ വാങ്ങാൻ പോയത്. ഒരു വണ്ടി എടുത്താൽ സൈഡ് ആയി വരുമാനം ഉണ്ടാക്കാമെന്ന് കരുതിയതായിരുന്നു... ഒറ്റ ഫോൺകോളിൽ എല്ലാം പോയി... നമ്മുടെ കഷ്ടകാലം എന്ന് പറഞ്ഞാൽ മതി’ -മാർട്ടിൻ പറയുന്നു.

സ്കൂൾ ബസ് ഡ്രൈവറായ മാർട്ടിൻ ഒഴിവ് സമയം ടാക്സിയായി ഓടിക്കാനാണ് ഇന്നോവ വാങ്ങാൻ ഡൽഹിയിലേക്ക് പുറപ്പെട്ടത്. ട്രെയിനിൽ പോകുന്നതിനിടെ ഉറങ്ങുന്ന സമയത്താണ് ഒരു കോൾ വന്നതും പണം തവണകളായി നഷ്ടമായതും. ‘ഞാൻ കിടന്ന് ഉറങ്ങുകയായിരുന്നു. എനിക്കൊരു കോൾ വന്നപ്പോൾ ഞാൻ എടുത്തു. വിളിച്ചയാൾ ഒന്നും മിണ്ടുന്നില്ല. അപ്പോൾ ഞാൻ കട്ട് ചെയ്തു. പിന്നെ ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ഒ.ടി.പി വന്നു. അപ്പോൾ തന്നെ കാഷ് പിൻവലിച്ചതായി പലതവണ മെേസജ് വന്നു. ആദ്യം 1.26 ലക്ഷം പോയി. അത് കഴിഞ്ഞിട്ട് 65,000 പോയി. പിന്നെ 25000, പിന്നെ 5400 വീതം 10 പ്രാവശ്യം പോയി. എനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിന് മുമ്പ് മുഴുവൻ പൈസയും പോയി’ -അദ്ദേഹം പറഞ്ഞു.

സൈബർ പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ല. മൊബൈൽ ഹാക്ക് ചെയ്യപ്പെട്ടത് എവിടെ നിന്നാണെന്നും വ്യക്തമായിട്ടില്ല. ആക്സിസ് ബാങ്കിലേക്കാണ് ഫസ്റ്റ് ഇടപാട് നടന്നതായി കാണിക്കുന്നത്. അപ്പോൾ തന്നെ ഇത് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പല കാര്യങ്ങൾക്ക് ഉപയോഗിച്ചതായിട്ട് സ്റ്റേറ്റ്മെന്റിൽ കാണിക്കുന്നു. അത് കണ്ടുപിടിക്കാനൊക്കെ ഭയങ്കര ബുദ്ധിമുട്ടാണ് എന്നാണ് പൊലീസ് പറയുന്നത്. പണം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മാർട്ടിൻ മാനുവൽ.