അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ചു; യാത്രക്കാരന് ദാരുണാന്ത്യം
Nov 5, 2025, 12:22 IST
കൊല്ലം ചവറ-ശാസ്താംകോട്ട പാതയിൽ സ്വകാര്യ ബസ് സ്‌കൂട്ടറിൽ ഇടിച്ച് യാത്രക്കാരൻ മരിച്ചു. തേവലക്കര മുള്ളിക്കാല സ്വദേശി അബ്ദുൽ മുത്തലിഫാണ്(62) മരിച്ചത്. ഇന്ന് രാവിലെ പടപ്പനാൽ കല്ലുംപുറത്ത് ജംഗ്ഷനിലാണ് അപകടം.
ശാസ്താംകോട്ട ഭാഗത്തേക്ക് പോകുകയായിരുന്നു രണ്ട് വാഹനങ്ങളും. അമിത വേഗതയിൽ എത്തിയ ബസ് സ്‌കൂട്ടറിൽ തട്ടുകയായിരുന്നു. ബസിനടിയിലേക്ക് തെറിച്ചുവീണ മുത്തലിഫിന്റെ ദേഹത്ത് കൂടി പിൻചക്രം കയറിയിറങ്ങി. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഒപ്പമുണ്ടായിരുന്ന മുള്ളിക്കാല സ്വദേശി രാധാകൃഷ്ണ പിള്ള പരുക്കുകളോടെ രക്ഷപ്പെട്ടു. കെഎസ്ആർടിസി ബസിനെ മറികടക്കാനുള്ള സ്വകാര്യ ബസിന്റെ അമിത പാച്ചിലാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ പറയുന്നു. നിർമാണ തൊഴിലാളിയാണ് അബ്ദുൽ മുത്തലിഫ്.