{"vars":{"id": "89527:4990"}}

കാസർകോട് ബേഡകത്ത് തമിഴ്‌നാട് സ്വദേശി ടിന്നർ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

 
കാസർകോട് ബേഡകത്ത് കടയിലിട്ട് തീകൊളുത്തിയതിനെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബേഡകം മണ്ണടുക്കത്ത് പലചരക്ക് കട നടത്തുന്ന സി രമിതയാണ്(32) ചികിത്സയിലിരിക്കെ മരിച്ചത്. മദ്യപിച്ചെത്തി ശല്യം ചെയ്യുന്നതായി പരാതി നൽകിയതിനെ തുടർന്ന് തൊട്ടടുത്തെ കടക്കാരനായ തമിഴ്‌നാട് സ്വദേശി രാമാമൃതമാണ് രമിതയെ തീ കൊളുത്തിയത്. രമിതയുടെ ദേഹത്ത് ടിന്നർ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. എട്ടാം തീയതി ഉച്ചയ്ക്ക് 3.30ഓടെയാണ് സംഭവം. മദ്യപിച്ചെത്തിയ പ്രതി ടിന്നർ രമിതയുടെ ദേഹത്തൊഴിച്ച്, കയ്യിൽ കരുതിയ പന്തം കത്തിച്ച് എറിയുകയായിരുന്നു. ഓടിയെത്തിയ സമീപവാസികളും സ്വകാര്യ ബസ് ജീവനക്കാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച രാമാമൃതത്തെ ബസ് ജീവനക്കാർ പിടികൂടിയാണ് പോലീസിൽ ഏൽപ്പിച്ചത്. യുവതിക്കൊപ്പമുണ്ടായിരുന്ന എട്ട് വയസുള്ള മകനും സഹപാഠിയും തലനാരിഴക്ക് പരുക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.