{"vars":{"id": "89527:4990"}}

ഹനാൻ ഷായുടെ ഷോയ്ക്കിടെയുണ്ടായ അപകടം; സംഘാടകർക്കെതിരെ കേസ്
 

 

കാസർകോട് ഹനാൻ ഷായുടെ സംഗീത പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരുക്കേറ്റ സംഭവത്തിൽ പോലീസ് കേസെടുത്തു. സംഘാടകരായ അഞ്ച് പേർക്കെതിരെയും കമ്മിറ്റി അംഗങ്ങൾക്കെതിരെയുമാണ് കേസ്. ഇന്നലെ രാത്രിയാണ് തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരുക്കേറ്റത്

മൂവായിരം പേർക്ക് മാത്രമേ പ്രവേശനമുള്ളൂവെന്ന മുന്നറിയിപ്പ് നൽകിയിട്ടും പതിനായിരത്തോളം ആളുകളെ പ്രവേശിപ്പിച്ചെന്നാണ് എഫ്‌ഐആറിലുള്ളത്. കാസർകോട് ബസ് സ്റ്റാൻഡിന് സമീപമുള്ള മൈതാനത്തായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. 

ആളുകൾ തടിച്ചുകൂടിയതോടെ നഗരത്തിൽ ഗതാഗതം സ്തംഭിച്ചു. തിക്കും തിരക്കും കാരണം പരിപാടി പോലീസ് നിർത്തിച്ചു. ജില്ലാ പോലീസ് മേധാവി നേരിട്ടെത്തിയാണ് പരിപാടി നിർത്തിവെപ്പിച്ചത്. ബഹളമുണ്ടാക്കിയ ആളുകളെ പിരിച്ചുവിടാൻ പോലീസിന് ലാത്തി വീശേണ്ടി വന്നിരുന്നു.