ആര്‍ സുഗതന് അനുകൂലമായി കത്ത് നല്‍കിയതിൽ നടപടി; തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറി ചിത്ര പി അരുണിമക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് അനുകൂലമായി കത്ത് നല്‍കിയ തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍. തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ചിത്ര പി അരുണിമയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. വകുപ്പ് മന്ത്രിയുടെ നിര്‍ദേശം മറികടന്നാണ് ചിത്ര സുഗതന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയത്. കാപ്പ പ്രകാരം തടങ്കലില്‍ കഴിയുന്ന പ്രതിക്ക് നിയമപരമായി അര്‍ഹതയില്ലാത്ത ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ തക്കവണ്ണം ബന്ധപ്പെട്ട ഫയലില്‍ ദുരുദ്ദേശത്തോടെ മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുകളും വരുത്തുകയും അധികാര ദുര്‍വിനിയോഗം നടത്തുകയും ചെയ്തതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട് എന്നാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്.
എസ്‌കോര്‍ട്ട് പരോള്‍ അനുവദിക്കാന്‍ നിയമപരമായി വ്യവസ്ഥയില്ലെന്നിരിക്കെ മന്ത്രിയുടെയും സെക്രട്ടറിതല ഉത്തരവും മറികടന്ന് കാപ്പ പ്രകാരം കരുതല്‍ തടങ്കലില്‍ കഴിയുന്ന വ്യക്തിക്ക് ആനുകൂല്യം ലഭ്യമാക്കുന്ന രീതിയില്‍ ഫയലില്‍ തിരുത്തലുകള്‍ വരുത്തിയത് ഗുരുതരമായ ചട്ടലംഘനവും അധികാര ദുര്‍വിനിയോഗവും സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് കടുത്ത മങ്ങലേല്‍പ്പിക്കുന്നതുമാണ്. അതിനാല്‍ കെഎഎസ് ഉദ്യോഗസ്ഥയും തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറിയുമായ ഡോ. ചിത്ര പി അരുണിമയെ അന്വേഷണവിധേയമായി സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയാണെന്നും ഉത്തരവില്‍ പറയുന്നു.
തന്റെ നിര്‍ദേശം മറികടന്ന് അനുകൂല റിപ്പോര്‍ട്ട് നല്‍കിയ തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറിക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി കെ എം ഷാജി നേരത്തെ വ്യക്തമാക്കിയിരുന്നു. അണ്ടര്‍ സെക്രട്ടറി ചെയ്തത് ഗുരുതരമായ തെറ്റാണ്. വകുപ്പ് മന്ത്രി എന്ന നിലക്ക് ലജ്ജ ഉളവാക്കിയ സംഭവമാണ് നടന്നത്. റിപ്പോര്‍ട്ട് ആദ്യം സെക്രട്ടറിയുടെ പരിഗണനയില്‍ വന്നപ്പോള്‍ അവധി നല്‍കാന്‍ സാധിക്കില്ലെന്ന് കാണിച്ച് തിരിച്ചയച്ചതാണെന്നും കെ എം ഷാജി പറഞ്ഞിരുന്നു.
കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ എസ്‌കോര്‍ട്ട് പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുഗതന്‍ നല്‍കിയ കത്തിന് ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് വേണ്ടി അണ്ടര്‍ സെക്രട്ടറി കൊടുത്ത മറുപടിയായിരുന്നു വിവാദമായത്. പരോള്‍ അനുവദിക്കണമെന്ന ആവശ്യം തള്ളിയെങ്കിലും അയോഗ്യത ഒഴിവാക്കാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് മറുപടിയില്‍ വിശദീകരിച്ചിരുന്നു. കൗണ്‍സില്‍ യോഗത്തില്‍ നേരിട്ട് പങ്കെടുക്കാന്‍ സാധിക്കില്ലെങ്കില്‍ അയോഗ്യത വരാതിരിക്കാന്‍ ജയില്‍ സൂപ്രണ്ട് മുഖേന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലിന് അവധി അപേക്ഷ സമര്‍പ്പിക്കാന്‍ അനുവാദമുണ്ടെന്ന് കത്തില്‍ പറഞ്ഞിരുന്നു.
മുനിസിപ്പാലിറ്റി ആക്ട് അനുസരിച്ച് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ അവധി അപേക്ഷ വോട്ടിനിട്ട് അംഗീകരിക്കുകയാണെങ്കില്‍ കൗണ്‍സിലര്‍ സ്ഥാനം അയോഗ്യതയില്‍ നിന്നും സുരക്ഷിതമായിരിക്കുമെന്ന വിവരവും കത്തിലുണ്ടായിരുന്നു. മുനിസിപ്പാലിറ്റി നിയമത്തിലെ ഏത് വകുപ്പുപ്രകാരമാണ് അവധി അപേക്ഷ വോട്ടിനിട്ട് അംഗകരിക്കുന്നതെന്ന് ശബരീനാഥന്‍ ചോദ്യമുന്നയിച്ചപ്പോള്‍ മേയര്‍ വി വി രാജേഷ് ആഭ്യന്തര വകുപ്പിന്റെ മറുപടി ചൂണ്ടിക്കാട്ടുകയായിരുന്നു.